കൊല്ലം: കേരള സർവകലാശാലയിൽ പുതിയ പരീക്ഷാ കൺട്രോളറെ നിയമിക്കാൻ നടത്തിയ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കൺട്രോളർ തസ്തികയിലേക്ക് ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കി കുറഞ്ഞ യോഗ്യതയുള്ള രണ്ട് പേരുടെ റാങ്ക് പട്ടിക തയ്യാറാക്കിയതായി ആക്ഷേപം ഉയർന്നിരുന്നു. ഒഴിവാക്കപ്പെട്ട വാഴൂർ എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജി. പ്രമോദ് സർവകലാശാലയുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി. ആശയാണ് സ്റ്റേ ഉത്തരവ് നൽകിയത്.
കേസിലെ നാലും അഞ്ചും എതിർകക്ഷികളായ തിരുവനന്തപുരം ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ. മോഹൻകുമാർ, മാർ ഇവാനിയോസ് കോളേജിലെ ഫ്രഞ്ച് വിഭാഗം മേധാവി ഡോ.എൻ. വിപിൻചന്ദ്രൻ എന്നിവരെ നിയമിക്കാനുള്ള എല്ലാ നടപടികളും നിറുത്തിവയ്ക്കാൻ ഉത്തരവിൽ പറഞ്ഞു.
പരീക്ഷാ കൺട്രോളറായിരുന്ന ഡോ. മധുകുമാർ വിരമിച്ച ഒഴിവിൽ ആറു മാസത്തെ താത്കാലിക കാലയളവിലേക്കാണ് സർവകലാശാല അപേക്ഷ ക്ഷണിച്ചത്.
അപേക്ഷകരായ ഏഴു പേരെയും ഫെബ്രുവരി 28ന് സർവകലാശാലാ ആസ്ഥാനത്ത് ഇന്റർവ്യൂവിന് ക്ഷണിച്ചിരുന്നു. ഉച്ചവരെ കാത്തിരുന്നിട്ടും അഞ്ചുപേരെ ഇന്റർവ്യൂ ചെയ്യാതെ നാലും അഞ്ചും എതിർകക്ഷികളെ യഥാക്രമം ഒന്നും രണ്ടും റാങ്കുകാരായി ലിസ്റ്റ് തയ്യാറാക്കുകയായിരുന്നുവെന്നാണ് പരാതി. ഇതുസംബന്ധിച്ച് മാർച്ച് 5 ന് 'കേരളകൗമുദി" വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പുതിയ ഓർഡിനൻസ് കുരുക്കാവും
നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും ലിസ്റ്റിൽ കടന്ന മറ്റുള്ളവരിൽനിന്നു നിയമനം നടത്താനാകില്ലെന്നാണ് സൂചന. സർവകലാശാലകളിലെ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ തസ്തികകൾ നാലു വർഷത്തെ കരാർ നിയമനമാക്കിയും പ്രായപരിധി 56 ആയി ചുരുക്കിയും കഴിഞ്ഞദിവസം സർക്കാർ ഓർഡിനൻസ് ഇറക്കിയതോടെയാണിത്. ഈ തസ്തികകളുടെ പ്രായപരിധി 60 വയസായിരുന്നു. കോടതി കയറിയ ലിസ്റ്റിലെ ഒന്നാം റാങ്കുകാരന് വിരമിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണുള്ളത്. പരാതിക്കാരനും ഇനി അധികകാലം സർവീസില്ല. സർക്കാരിന്റെ ഓർഡിനൻസ് പ്രകാരം പരീക്ഷാ കൺട്രോളർ തസ്തികയിലേക്ക് ഇനി പുതിയ അപേക്ഷ ക്ഷണിക്കേണ്ടിവരും. സർവകലാശാലയിലെ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ തസ്തികകളുടെ പ്രായപരിധി നേരത്തേ 56 വയസായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് 60 വയസാക്കി ഉയർത്തിയത്.
'ഹൈക്കോടതി ഉത്തരവിൽ നിയമോപദേശം തേടും. പുതിയ നിയമന നടപടികൾക്ക് കാലതാമസം നേരിടും. പ്രോ വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാറിന് കൺട്രോളറുടെ ചുമതലകൂടി നൽകിയിരിക്കുകയാണ്. "
ഡോ. സി.ആർ. പ്രസാദ്, രജിസ്ട്രാർ, കേരള സർവകലാശാല