പുനലൂർ: കലാലയ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത് പുനലൂർ ശ്രീനാരായണ കോളേജിൽ നിന്നാണെന്നും, അത് കണക്കിലെടുത്താണ് പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പുനലൂരിൽ നിന്ന് തുടക്കം കുറിച്ചതെന്നും കൊല്ലത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ പുനലൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്.എഫ്.ഐ സാരഥിയായി പുനലൂർ എസ്.എൻ കോളേജിൽ നിന്ന് വിജയിച്ചു. കോളേജ് യൂണിയൻ ചെയർമാനായ തൻെ രാഷ്ട്രീയ ഉയർച്ചയ്ക്കു കളമൊരുക്കിയത് പുനലൂരിൽ നിന്നാണ്. മണ്ഡലത്തിൻെറ ഉയർച്ചയ്ക്കായി പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാവിലെ ആയൂരിൽ നിന്നായിരുന്നു സ്ഥാനാർത്ഥിയുടെ റോഡ് ഷോ ആരംഭിച്ചത്. തുറന്ന ജീപ്പിലെത്തിയ സ്ഥാനാർത്ഥി സഹപാഠികളെയും അടുത്ത സുഹൃത്തുക്കളെയും നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിക്കാനായിരുന്നു ആയൂർ, അഞ്ചൽ, കരവാളൂർ, പുനലൂർ അടക്കമുള്ള കവലകളിലെത്തിയത്. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജോസ്, സി.പി.എം ഏരിയാ സെക്രട്ടറിമാരായ എസ്. ബിജു, വിശ്വസേനൻ, അഞ്ചൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്. സതീഷ്, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ, സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ ലെനു ജമാൽ, കെ. രാധാകൃഷ്ണൻ, മുൻ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ തുടങ്ങിയവർ സ്ഥാനാർത്ഥിക്കാെപ്പമുണ്ടായിരുന്നു.