കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം. ആരിഫ് എം.എൽ.എ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇന്നലെ കരുനാഗപ്പള്ളിയിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. രാവിലെ 11.30ന് കരുനാഗപ്പള്ളിയിലെത്തിയ സ്ഥാനാർത്ഥി ആരിഫ് എൽ.ഡി.എഫ് പാർട്ടി ഓഫീസുകളിലെത്തി മുന്നണി നേതാക്കളെ നേരിൽക്കണ്ട് സഹായമഭ്യർത്ഥിച്ചു. തുടർന്ന് കെ.എസ്.എഫ്.ഇ ജീവനക്കാരുടെ കുടുംബസംഗമത്തിൽ പങ്കെടുത്തുകൊണ്ടും കരുനാഗപ്പള്ളി എം.എൽ.എ ആർ. രാമചന്ദ്രനോടൊപ്പം ടൗണിലെ വിവിധ പ്രമുഖരെ നേരിൽക്കണ്ടും സഹായമഭ്യർത്ഥിച്ചു. 12.30ന് കരുനാഗപ്പള്ളി ടൗൺ ക്ലബിന് സമീപം എൽ.ഡി.എഫ് പ്രവർത്തകർ ആരിഫിന് വരവേല്പ് നൽകി. തുടർന്ന് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുപ്രകടനത്തിലും അദ്ദേഹം പങ്കെടുത്തു. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ സമഗ്ര വികസനത്തിനായി എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൽ.ഡി.എഫ് നേതാക്കളായ ആർ. രാമചന്ദ്രൻ എം.എൽ.എ, പി.ആർ. വസന്തൻ, പി.കെ. ബാലചന്ദ്രൻ, ജെ. ജയകൃഷ്ണപിള്ള, കമറുദ്ദീൻ മുസലിയാർ, റെജി ഫോട്ടോപാർക്ക്, സൈനുദ്ദീൻ ആദിനാട്, സദാനന്ദൻ കരുമ്പാലിൽ തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു. എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ബൂത്ത് തലത്തിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി. ബൂത്തുകൾ കേന്ദ്രീകരിച്ച് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഇന്ന് മുതൽ തുടക്കം കുറിക്കും. മേഖലാ കൺവെൻഷനുകളും ബൂത്തുതല കൺവെൻഷനുകളും രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.