വാഹന, കാൽനടയാത്രികാർ ഭീതിയിൽ
പുനലൂർ: പുനലൂർ-അഞ്ചൽ പാതയോരത്തെ അടുക്കളമൂലയിലെ മരത്തിൽ കൂടുകൂട്ടിയ കടന്നലുകളും തേനീച്ചകളും യാത്രക്കാർക്ക് ഭീഷണിയാകുന്നു. കൂറ്റൻ മരത്തിന്റെ ശിഖരത്തിൽ 36 കൂടുകളാണുള്ളത്. തേൻകുടിക്കാനെത്തുന്ന പരുന്തുകൾ കൂടുകൾ കൊത്തിയിളക്കുന്നതിനാൽ ഇളകിപ്പറക്കുന്ന തേനീച്ചകളാണ് യാത്രക്കാരെ ഭീതിയുടെ മുൾമുനയിൽ നിറുത്തുന്നത്.
കഴിഞ്ഞ ആറ് മാസക്കാലമായി ഈ സ്ഥിതി തുടർന്നിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. രണ്ട് മാസം മുമ്പ് ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപത്തെ മരത്തിലെ തേനീച്ച കൂട് പരുന്ത് കൊത്തിയിളക്കിയതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റിരുന്നു. ഇതാണ് അടുക്കളമൂലയിലൂടെ കടന്നുപോകുന്നവരെയും ഭീതിയിലാഴ്ത്തുന്നത്. തേനീച്ച കൂടുകൾ സ്ഥിതി ചെയ്യുന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് വീഴുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.