കുന്നത്തൂർ: കനാൽ കവിഞ്ഞൊഴുകിയതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ വെള്ളം കയറി. കല്ലട ഇറിഗേഷേൻ പദ്ധതി കനാലിന്റെ നരിച്ചിറ ഭാഗത്തു കൂടി പോകുന്ന ഉപകനാലാണ് നിറഞ്ഞൊഴുകിയത്. ഇതുമൂലം സമീപ പ്രദേശങ്ങളാകെ വെള്ളക്കെട്ടിലായി. ശാസ്താംനട തവണൂർകാവ് ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ച് മുതുപിലാക്കാട് ചാലിയേക്കരയിലെത്തുന്ന ചെറുകനാലാണ് കഴിഞ്ഞ ദിവസം നിറഞ്ഞു കവിഞ്ഞത്. പ്രധാന കനാലിൽ വെള്ളത്തിന്റെ ഒഴുക്ക് കൂടിയതിനാൽ ചെറുകനാലുകളിലും വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിച്ചിരുന്നു. തൊളിക്കൽ ഭാഗത്തുള്ള പുരയിടങ്ങളും, കൃഷിസ്ഥലങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നരിച്ചിറ - തൊളിക്കൽ റോഡിലും വെള്ളം കയറിയിട്ടുണ്ട്. ജലമൊഴുക്ക് കുറഞ്ഞില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ പുരയിടങ്ങളിൽ വെള്ളം കയറാനുള്ള സാദ്ധ്യതയുണ്ട്.