thodi
കല്ലേലിഭാഗം തൊടിയൂർ എസ് എൻ വി എൽ പി എസിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ചു നടന്ന സാസ്കാരി സമ്മേളനം ആർ.രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

തൊടിയൂർ: വിദ്യാഭ്യാസ -ആരോഗ്യ മേഖലകളിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളമെന്നും 1957ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഈ മേഖലകളിൽ തുടങ്ങി വച്ച മികച്ച പ്രവർത്തനങ്ങൾ പിന്നീട് അധികാരത്തിൽ വന്ന ഗവൺമെന്റുകളും തുടർന്നതിനാലാണ് ഈനില കൈവരിക്കാൻ കഴിഞ്ഞതെന്നും ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. കല്ലേലിഭാഗം തൊടിയൂർ എസ്.എൻ.വി.എൽ.പി.എസിന്റെ വാർഷികത്തോടനുബന്ധിച്ച് ചേർന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനൊപ്പം ലോക നിലവാരത്തിൽ മത്സരിക്കാൻ നമ്മുടെ യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം കൂടി മുൻനിറുത്തിയാണ് നമ്മുടെ വിദ്യാഭ്യാസ പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടുന്നത്. നമ്മുടെ കുഞ്ഞുങ്ങൾ ജാതി മത ചിന്തകൾക്കതീതമായ മനുഷ്യരായി വളരാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പി.ടി.എ വൈസ് പ്രസിഡന്റ് ജെ. സുധീർ അദ്ധ്യക്ഷത വഹിച്ചു . നന്മകുടുക്ക ചികിത്സാ സഹായ പദ്ധതിയുടെ സമർപ്പണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനനും, പി. ലൂക്കോസ് സ്മാരക ലൈബ്രറിയോടനുബന്ധിച്ച് ആരംഭിച്ച പുസ്തകക്കൂടിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാറും നിർവഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സി. രാജേന്ദ്രൻ, പത്രപ്രവർത്തന രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ജയചന്ദ്രൻ തൊടിയൂർ, സിനിമാ​ -സീരിയൽ താരം പ്രമിൽ സിദ്ധാർത്ഥ് , ലോക സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആര്യ എന്നിവരെ സ്കൂൾ മാനേജർ കെ. വാസുദേവൻ ആദരിച്ചു. സ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി .എസ്. രഘു സമ്മാനദാനം നിർവഹിച്ചു. സുനിൽ സി. ബാബു, ബീനാ സുനിൽ, എസ്.എസ്. ലേഖ, കീർത്തിയിൽ ജയകുമാർ എന്നിവർ സംസാരിച്ചു. സി. രാജേന്ദ്രൻ, ജയചന്ദ്രൻ തൊടിയൂർ, പ്രമിൽ സിദ്ധാർത്ഥ് എന്നിവർ മറുപടിപ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് ഡി. സുമംഗല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്. മീന നന്ദിയും പറഞ്ഞു. തുടർന്ന് നൃത്ത നൃത്യങ്ങൾ അരങ്ങേറി.