കൊട്ടിയം: സൂര്യാഘാതമേറ്റ് കർഷകനായ നെടുമ്പന ഇളവൂർ അജിത് ഭവനിൽ രാജൻ നായർ (63) മരിച്ചു. ഇളവൂരിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ മരച്ചീനി കൃഷി നടത്തിവരികയായിരുന്നു. ശനിയാഴ്ച കൃഷിയിടത്തിലേക്ക് പോയ രാജൻ നായരെ ഉച്ചയോടെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൃഷിയിടത്തിൽ മറ്റുപണിക്കാർ ആരും തന്നെ ഇല്ലായിരുന്നു.
ഒറ്റയ്ക്ക് ജോലിയിൽ ഏർപ്പെട്ടിരുന്ന രാജൻനായർ കടുത്ത ചൂടിൽ തളർന്നുവീണതാണെന്ന് കരുതുന്നു. വഴിയാത്രക്കാരാണ് ഇയാളെ ആദ്യം കണ്ടത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നെറ്റിയിലും കഴുത്തിലും മുതുകിലും കൈകാലുകളിലും സൂര്യാഘാതം കാരണം പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ഉടുപ്പ് ധരിക്കാതെയാണ് കൃഷിയിൽ ഏർപ്പെട്ടിരുന്നത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ഇന്ദിര. മക്കൾ: അജിത്, ആര്യ. മരുമക്കൾ: അഞ്ജു, രഞ്ജിത്ത്