photo
തകർന്ന് കിടക്കുന്ന ശീലാന്തി മുക്ക് - ടാഗോർ ജംഗ്ഷൻ റോഡ്.

കരുനാഗപ്പള്ളി: റോഡിന്റെ പുനർനിർമ്മാണം വൈകുന്നതിനെതിരെ നാട്ടിൽ പ്രതിഷേധം ഉയരുന്നു. നീണ്ടകര ശീലാന്തിമുക്ക് - ടാഗോർ ജംഗ്ഷൻ റോഡുപണിയാണ് പണം അനുവദിച്ചിട്ടും നടത്താതിരിക്കുന്നത്. 8 മാസത്തിന് മുമ്പ് 11.5 ലക്ഷം രൂപ അനുവദിച്ച് ടെണ്ടർ നടപടികളും പൂർത്തിയായിരുന്നു. എന്നാൽ, മെറ്റലും ടാറും ഇതുവരെ ഇറക്കിയിട്ടില്ല.

നീണ്ടകര ഗ്രാമപഞ്ചായത്തിലെ 9, 10 വാർഡുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ഒന്നര കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ വശങ്ങളിൽ 300ഓളം കുടുംബങ്ങൾ താമസിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. 5 വർഷം മുമ്പ് പുനർനിർമ്മിച്ച റോഡിന്റെ ടാറിംഗ് മിക്കസ്ഥലങ്ങളിലും ഇളകി മാറി. കുണ്ടും കുഴിയുമായി മാറിയ റോഡിലൂടെയുള്ള കാൽനട യാത്രപോലും ദുഷ്ക്കരമാണ്. ടാറിംഗ് ഇളകി മാറിയ സ്ഥലങ്ങളിൽ ഗ്രാവൽ ഇട്ട് കുഴികൾ അടയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കാലവർഷം ആരംഭിച്ചാൽ റോഡ് വെള്ളക്കെട്ടായി മാറും. ഇത് അപകടങ്ങൾക്ക് ഇടയാക്കുന്നു. മഴക്കാലത്തിനു മുമ്പ് റോഡു പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.