കുന്നത്തൂർ:മിനി സിവിൽ സ്റ്റേഷന് കോടികൾ മുടക്കി ബഹുനില കെട്ടിടവും കെട്ടി, ചില ഓഫീസുകൾ പ്രവർത്തനവും തുടങ്ങി. ഇപ്പോൾ കോടികൾ മുടക്കി പുതിയൊരു കെട്ടിടം പണിയാൻ നീക്കം.
ശാസ്താംകോട്ട തടാകത്തിനടുത്ത് നിർമ്മിച്ച കുന്നത്തൂർ താലൂക്ക് മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിനാണ് ഇങ്ങനെയൊരു ഗതികേട്. രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായിട്ട് രണ്ടു വർഷം കഴിഞ്ഞു. അതിന്റെ ഉദ്ഘാടനം നടത്തുമെന്ന് ഒരു വർഷം മുമ്പ് പ്രഖ്യാപനവും വന്നു. എന്നാൽ, ശാസ്താംകോട്ട ടൗണിൽ പുതിയ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ഇതിനായി സംസ്ഥാന ബഡ്ജറ്റിൽ ഏഴ് കോടി രൂപ പ്രഖ്യാപിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒന്നരക്കോടി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കരാറുകാർക്കും, ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും അഴിമതി നടത്താനാണ് പുതിയ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണമെന്ന് ജനങ്ങൾ ആക്ഷേപം ഉന്നയിക്കുന്നു.
രണ്ടര പതിറ്റാണ്ട് മുൻപാണ് കോളേജ് റോഡിലെ കുന്നിൻപുറത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ആരംഭിച്ചത്.ഇഴഞ്ഞിഴഞ്ഞ് പണി നീങ്ങവേ 2000 മേയ് 3ന് ആദ്യഘട്ടം ഉദ്ഘാടനം നടത്തി. താലൂക്ക് ഓഫീസ്,സിവിൽ സപ്ലെസ് ഓഫീസ്,സർവേ, പി.ഡബ്ല്യു.ഡി ഓഫീസുകൾ ഇവിടെ പ്രവർത്തനം തുടങ്ങി.
പതിനഞ്ചോളം സർക്കാർ സ്ഥാപനങ്ങൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ 2006ൽ രണ്ടാം ഘട്ട നിർമ്മാണം ആരംഭിച്ചു.നിർമ്മാണത്തിനിടെ ഒട്ടേറെ വിവാദങ്ങളും അഴിമതി ആരോപണവും ഉയർന്നു. സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തി.നിരവധി തവണ കരാർ പുതുക്കി നൽകി.കോടികൾ പിന്നെയും പിന്നെയും അനുവദിച്ചു.നിരവധി സമരങ്ങളും, പ്രതിഷേധങ്ങളും നടന്നു.സ്ലാബ് അടർന്നുവീണ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു.ഒടുവിൽ 2017ൽ നിർമ്മാണം ഏകദേശം പൂർത്തിയാക്കി.കഴിഞ്ഞ വർഷം ആദ്യം ഉദ്ഘാടനം നടത്തുമെന്ന് സ്ഥലം എംഎൽഎ കോവൂർ കുഞ്ഞുമോന്റെ പ്രഖ്യാപനം.പക്ഷേ ഒന്നും നടന്നില്ല.
പുതിയത് ദാ ഇവിടെ...
ശാസ്താംകോട്ട ടൗണിൽ പോസ്റ്റോഫീസിനോട് ചേർന്നുള്ള വാട്ടർ അതോറിട്ടി ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുതിയ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാനൊരുങ്ങുന്നത്. ദിവസങ്ങൾക്കു മുമ്പ് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചിരുന്നു. സ്ഥലമാകട്ടെ ഇപ്പോഴും വാട്ടർ അതോറിട്ടിയുടെ പേരിൽ കിട്ടിയിട്ടില്ലെന്ന് വിവരാവകാശ രേഖകളിൽ നിന്ന് വ്യക്തം.ഈ വസ്തു റവന്യു വകുപ്പ് ഏറ്റെടുത്ത് സിവിൽ സ്റ്റേഷൻ നിർമ്മിക്കാനാണ് തീരുമാനം.കാട് കയറി കിടന്ന ഈ സ്ഥലം റവന്യൂ വകുപ്പ് ഏറ്റെടുത്ത് ജനങ്ങൾക്ക് ഉപകരിക്കുന്ന ഓഫീസുകൾ തുടങ്ങണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു.
വാടക ചോരുന്ന ഓഫീസുകൾ
എംപ്ലോയ്മെന്റ് ഓഫീസ്,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്,ലേബർ ഓഫീസ്, മണ്ണ് സംരക്ഷണം,ഫുഡ് സേഫ്റ്റി, മൈനർ ഇറിഗേഷൻ,ഐസിഡിഎസ്, സ്റ്റാറ്റിസ്റ്റിക്സ്,ലീഗൽ മെട്രോളജി, കശുവണ്ടി ക്ഷേമനിധി തുടങ്ങി നിരവധി സർക്കാർ ഓഫീസുകൾ ഇപ്പോഴും ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ പല ഭാഗങ്ങളിലായാണ് പ്രവർത്തിക്കുന്നത്.