എഴുകോൺ: നിയന്ത്രണംവിട്ട ബൈക്ക് ബസിൽ ഇടിച്ച് യുവാവ് മരിച്ചു. കൊട്ടാരക്കര മൈലം പള്ളിക്കൽ പുളിവിള വീട്ടിൽ രാമചന്ദ്രന്റെ മകൻ അനിൽ കുമാർ (25, അനിമോൻ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇരുമ്പനങ്ങാട് വിജയകാന്ത് ഭവനിൽ വിജയന്റെ മകൻ വിജയരാജിനെ സാരമായ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച്ച രാത്രി 10.30ഓടെ കുണ്ടറ ആറുമുറിക്കട ജംഗ്ഷനിലായിരുന്നു അപകടം. കുണ്ടറയിൽ നിന്ന് എഴുകോണിലേക്ക് വരികയായിരുന്ന ബൈക്ക് എതിർവശത്ത് യാത്രക്കാരെ ഇറക്കികൊണ്ടിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ ഇടിക്കുകയായിരുന്നു. അനിൽകുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്തുക്കളുമായി ചേർന്ന് ഇരുമ്പനങ്ങാട് പോളിടെക്നിക്ക് കോളേജ് സമീപം ജാസ് ഇവന്റ് മാനേജ്മെന്റ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഓമനയാണ് മാതാവ്. സഹോദരങ്ങൾ: അനീഷ്, അജിത്ത്, അശ്വതി, ആതിര. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.