ഓയൂർ: കഴിഞ്ഞ ദിവസത്തെ വേനൽ മഴയിലും കാറ്റിലും വെളിയം, പൂയപ്പള്ളി, പഞ്ചായത്തുകളിൽ വ്യാപകം കൃഷി നാശം. ശക്തമായ കാറ്റിൽ പ്ലാവ്, മാവ് വൃക്ഷങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞുവീണു. കുലച്ചതുൾപ്പെടെ നുറു കണക്കിന് വാഴകൾ നശിച്ചു. വെളിയം പഞ്ചായത്തിൽ കായില ഏലായിൽ പൂവണംവിള കിഴക്കതിൽ വീട്ടിൽ യശോദരന്റെ കൃഷിഭൂമിയിലെ നൂറ്റമ്പതോളം കുലച്ച വാഴകളും, മാലയിൽ ഏലായിൽ ശിവഗംഗയിൽ ശ്യാംകുമാർ, വെളിയം സ്വദേശി സുകുമാരപിള്ള എന്നിവരുടെ കൃഷിസ്ഥലത്തെ മുന്നൂറോളം ഏത്തവാഴകളും നശിച്ചു. മരച്ചീനി, പച്ചക്കറി കൃഷികൾക്കും വ്യാപകനാശം നേരിട്ടു.