ob-rajan-nair-63

കൊട്ടിയം: സൂര്യാഘാതമേറ്റ് മരിച്ച കൊല്ലം നെടുമ്പന ഇളവൂർ അജിത് ഭവനിൽ രാജൻ നായരുടെ (63) മൃതദേഹം സംസ്കരിച്ചു. ഇളവൂരിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ മരച്ചീനി കൃഷി നടത്തിയിരുന്ന രാജനെ ശനിയാഴ്ച ഉച്ചയോടെയാണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്ക് ജോലിയിൽ ഏർപ്പെട്ടിരിക്കവേ സൂര്യതാപമേറ്റ് വീണെന്നാണ് കരുതുന്നത്.

വഴിയാത്രക്കാരാണ് ബോധരഹിതനായ ഇദ്ദേഹത്തെ കണ്ടത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അരമണിക്കൂർ മുമ്പ് മരിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി. നെറ്റിയിലും കഴുത്തിലും മുതുകിലും കൈകാലുകളിലും സൂര്യാഘാതം കാരണം പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ഉടുപ്പ് ധരിക്കാതെയാണ് പാടത്ത് പണിയിലേർപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ കൂടുതൽ വിവരങ്ങൾ വ്യക്തമാവൂ. ഭാര്യ: ഇന്ദിര. മക്കൾ: അജിത്, ആര്യ. മരുമക്കൾ: അഞ്ജു, രഞ്ജിത്ത്