photo
പാരിപ്പള്ളി കൊടിമൂട്ടിൽക്ഷേത്രോത്സവത്തിന്റെ സമാപത്തോടനുബന്ധിച്ച് ഇന്നലെ നടന്ന ഗജമേള.

പാരിപ്പള്ളി: കൊടിമൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവം തെക്കൻ കേരളത്തിലെ തലയെടുപ്പുള്ള കരിവീരന്മാരുടെ സംഗമത്തോടെ ഇന്നലെ സമാപിച്ചു. പുലർച്ചെ 4ന് വിവിധ കരകളിൽ നിന്ന് വാദ്യമേളങ്ങളുടെയും കെട്ടുകാഴ്ചകളുടെയും അകമ്പടിയോടെ ഉരുൾ വഴിപാട് ക്ഷേത്രത്തിലെത്തിച്ചേർന്നു. രാവിലെ 8.15ന് ഗണപതിക്ക് ഉണ്ണിയപ്പം മൂടൽ, 8.30ന് തിടമ്പേറ്റിയ ഗജവീരന്റെ സാന്നിദ്ധ്യത്തിൽ കാഴ്ചശ്രീബലി, ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ എന്നിവ നടന്നു. ഗജമേളയോടനുബന്ധിച്ച് കൊല്ലത്ത് നിന്ന് എസ്.പി.സി.എ സംഘവും ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. കൊടിമൂട്ടിൽ ആനപ്രേമി സംഘം സ്പോൺസർ ചെയ്ത പാമ്പാടി രാജനാണ് ദേവിയുടെ തിടമ്പ് എഴുന്നെള്ളിയത്. ആമ്പാടി മഹാദേവൻ, പുത്തൻകുളം അർജുനൻ, പുത്തൻകുളം കേശവൻ, ഗുരുവായൂർ ഗോപീകണ്ണൻ തുടങ്ങിയ കരിവീരന്മാരാണ് ഗജമേളയിൽ പങ്കെടുത്തത്. വൈകിട്ട് 3 മുതൽ 6 വരെ നടന്ന ഗജമേള വീക്ഷിക്കാൻ വിദേശികളടക്കം നിരവധി പേരാണ് തടിച്ചുകൂടിയത്. തുടർന്ന് ഗജവീരന്മാർ നാല് ഗ്രൂപ്പായി തിരിഞ്ഞ് കല്ലുവാതുക്കൽ, കിഴക്കനേല, മീനമ്പലം, ചാവർകോട് എന്നിവിടങ്ങളിൽ പ്രദക്ഷിണം കഴിഞ്ഞ് രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചേർന്നു. വൈകിട്ട് 6ന് വൈദ്യുതദീപാലങ്കാരവും കെട്ടുകാഴ്ചകളും, 6.30ന് നിറപറയും ദീപക്കാഴ്ചയും, 7.30ന് പുഷ്പാഭിഷേകം, 8.30ന് നാടകീയ വിൽകലാമേള, 10.30ന് നൃത്തസംഗീതനാടകം എന്നിവ നടന്നു. രാത്രി 2.30ന് പൊങ്കൽ, ഗുരുസി കഴിഞ്ഞ് കൊടിയിറക്കിയതോടെ ചടങ്ങുകൾക്ക് സമാപിച്ചു.