കൊല്ലം: ചാത്തിനാംകുളം അംബേദ്കർ കോളനിയിലെ അംഗൻവാടിക്ക് ശാപമോക്ഷത്തിന് വഴിയൊരുങ്ങുന്നു. മാസങ്ങളായി മുടങ്ങിക്കിടന്ന പുതിയ കെട്ടിടത്തിന്റെ വയറിംഗ് ജോലികൾ പൂർത്തിയായതോടെ വൈദ്യുതി ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് ഉടൻ അവസാനിക്കും. നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വയറിംഗ് നടക്കാത്തതിനാൽ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നീണ്ടു പോയതാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവിടെ വൈദ്യുതി ലഭിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഏത് നിലയിൽ ഉദ്ഘാടനം നടത്താമെന്നാണ് ഇനി ആലോചിക്കുന്നത്. കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ വേണ്ടതിലധികം വേഗത്തിൽ പൂർത്തിയാക്കിയെങ്കിലും വൈദ്യുതീകരണം നടത്താൻ അധികൃതർക്ക് കഴിഞ്ഞില്ല. അധികൃതരുടെ മെല്ലെപ്പോക്ക് തുടർന്നതോടെ പുതിയ കെട്ടിടം കാട് മൂടി നശിക്കാൻ തുടങ്ങി. തുടർന്ന് ഫെബ്രുവരി 16ന് 'ചാത്തിനാംകുളം അംഗൻവാടിക്ക് കെട്ടിടമായി, വൈദ്യുതി മാത്രം ഇല്ല' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത ചർച്ചയായതോടെ കോർപ്പറേഷൻ അധികൃതർ അടിയന്തിരമായി ഇടപെടുകയും സാങ്കേതിക നടപടിക്രമങ്ങൾ നോക്കാതെതന്നെ വയറിംഗും അനുബന്ധ ജോലികളും പൂർത്തിയാക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലേ വൈദ്യുതി ലഭിക്കുന്നതിനുള്ള അപേക്ഷ നൽകാനാവൂ. ആ കടമ്പ കൂടി കടന്നാൽ വൈദ്യുതി ലഭിക്കും. ഉദ്ഘാടനം നടത്തിയാലും ഇല്ലെങ്കിലും വൈദ്യുതി ലഭിച്ചാലുടൻ അംഗൻവാടിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
20 ലക്ഷം രൂപ
കോർപ്പറേഷൻ അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് മതിയായ സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമ്മിച്ചത്. മനോഹരമായ രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ നില സാംസ്കാരിക കേന്ദ്രത്തിന് വേണ്ടിയുള്ളതാണ്. താഴെയാണ് അംഗൻവാടി പ്രവർത്തിക്കേണ്ടത്.
അസൗകര്യങ്ങൾ
നിലവിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ അസൗകര്യങ്ങൾക്കിടയിൽ വീർപ്പുമുട്ടിയാണ് അംഗൻവാടി നിവലിൽ പ്രവർത്തിക്കുന്നത്. പ്രദേശത്തെ പത്തിലധികം കുടുംബങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങളാണ് ഇവിടെ പഠിക്കാനെത്തുന്നത്.