photo
ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് യാത്രക്കാർക്ക് തടസ്സം സൃഷിടിച്ച് കൊണ്ട് കൂട്ടിയിട്ടിരിക്കുന എം.സാന്റും, മെറ്റിലും.

കരുനാഗപ്പള്ളി: ദേശീയപാതയ്ക്ക് സമീപം കരുനാഗപ്പള്ളി ലക്ഷ്മി സിൽക്ക് ഹൗസ് മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് വടക്ക് വശം വരെ പുതുതായി നിർമ്മിക്കുന്ന ഓടയുടെ നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നത് യാത്രക്കാർക്ക് വിനയാകുന്നു. ദേശീയപാതയോരത്ത് അരനൂറ്റാണ്ടിന് മുമ്പ് നിർമ്മിച്ച പഴയ ഓട പൊളിച്ച് നീക്കിയാണ് പുതിയ ഓട പണിയുന്നത്. ഓടയുടെ പണി ആരംഭിച്ച് 6 മാസം പിന്നിട്ടിട്ടും ഇതുവരെ നിർമ്മാണം പൂർത്തിയാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനടുത്ത് എത്തണമെങ്കിൽ ഇനിയും 50 മീറ്റർ ദൂരത്തിൽ ഓട നിർമ്മിക്കണം. തുടക്കം മുതൽത്തന്നെ ഓടയുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇതിനെതിരെ വ്യാപാരികളും കാൽനട യാത്രക്കാരും പ്രതിഷേധിച്ചിരുന്നു. ഓടയുടെ നിർമ്മാണത്തിനുള്ള എം സാന്റും മെറ്റിലും ദേശീയപാതയുടെ കിഴക്ക് ഭാഗത്താണ് ഇറക്കിയിട്ടിരിക്കുന്നത്. വടക്ക് ഭാഗത്ത് ഓടയുടെ നിർമ്മാണം പൂർത്തിയായെങ്കിലും അസംസ്‌കൃത വസ്തുക്കൾ റോഡിൽ നിന്ന് നീക്കാത്തതാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. മാസങ്ങളായി ഒാടയുടെ നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാധനങ്ങൾ ദേശീയപാതയോരത്ത് നിക്ഷേപിച്ചിരിക്കുന്നതിനാൽ കാൽനട യാത്രക്കാർ വളരെ ബുദ്ധിമുട്ടുന്നുണ്ട്. ഇത് മിക്കപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഓടയുടെ കിഴക്ക് ഭാഗത്തുള്ള കടകളിലേക്ക് ഉപഭോക്താക്കൾക്ക് കടന്ന് ചെല്ലാനും പ്രയാസമാണ്. 2.40 കോടി രൂപ ചെലവഴിച്ചാണ് ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.

സാധനങ്ങൾ നീക്കം ചെയ്യണം

റോഡിൽ കൂട്ടിയിട്ടിരിക്കുന്ന മെറ്റിലും എം.സാന്റും ഉൾപ്പടെയുള്ള സാധനങ്ങൾ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപം സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയാൽ ടൗണിലെ അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനാവും. ടൗണിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന ഭാഗത്താണ് സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ഓടയുടെ നിർമ്മാണം ടൗണിൽ പൂർത്തിയായ സാഹചര്യത്തിൽ കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്.