nk-premachandran

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, എൻ.കെ പ്രേമചന്ദ്രൻ അഞ്ചു വർഷ കാലാവധി പൂർത്തിയാക്കുന്നത് ഇതാദ്യം.11, 12, 16 ലോക്‌സഭകളിൽ അംഗമായ പ്രേമചന്ദ്രന് കഴിഞ്ഞ ടേമിൽ മാത്രമാണ് കാലാവധി പൂർത്തിയാക്കാനായത്.

1996- ൽ ആയിരുന്നു ആദ്യ ലോക്‌സഭാ ജയം. ആ ലോക്‌സഭയ്ക്ക് 19 മാസമേ ആയുസ്സുണ്ടായുള്ളൂ. ആർ.എസ്.പിയുടെ യുവമുഖമായി എത്തിയ പ്രേമചന്ദ്രൻ കോൺഗ്രസിലെ എസ്.കൃഷ്ണകുമാറിനെ അന്ന് 78,370 വോട്ടിനാണ് തോൽപ്പിച്ചത്. എൽ.ഡി.എഫിന്റെ കോട്ടയായിരുന്ന കൊല്ലം സീറ്റ് യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത പ്രേമചന്ദ്രൻ അന്നത്തെ താരവുമായി.

19 മാസത്തിനു ശേഷം 1998 ൽ വീണ്ടും കൊല്ലത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസിലെ കെ.സി.രാജനായിരുന്നു അത്തവണ എതിരാളി. അപ്പോഴും 71,762 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു പ്രേമചന്ദ്രന്. ആ ലോക്‌സഭയുടെ ആയുസ്സ് വെറും 13 മാസം മാത്രം.

2014 ൽ തിരഞ്ഞെടുപ്പിനു തൊട്ട് മുമ്പാണ് കൊല്ലം ലോക്‌സഭാ സീറ്റിനെച്ചൊല്ലി എൽ.ഡി.എഫ് നേതൃത്വവുമായി ആർ.എസ്.പി ഇടയുകയും മുന്നണി വിട്ട് യു.ഡി.എഫിൽ ചേക്കേറുകയും ചെയ്തത്. കൊല്ലം സീറ്റിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബിക്കെതിരെ യു.ഡി.എഫിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി മത്സരിച്ച പ്രേമചന്ദ്രൻ 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. വീണ്ടും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രേമചന്ദ്രന്റെ എതിരാളി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ കെ.എൻ ബാലഗോപാലാണ്.

മൂന്നു പ്രധാനമന്ത്രിമാരെ

കണ്ട പതിനൊന്നാം സഭ

11 -ാം ലോക് സഭയുടെ ആയുസ്സ് 1996 മേയ് 16 മുതൽ ജൂൺ ഒന്നു വരെയായിരുന്നു. ഒരുകക്ഷിക്കും കേവലഭൂരിപക്ഷമില്ലാതിരുന്ന ലോക്‌സഭയിൽ മൂന്ന് പ്രധാനമന്ത്രിമാരുമുണ്ടായി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി മറ്റു ചില പാർട്ടികളുടെ പിന്തുണയോടെ എ.ബി. വാജ്പേയിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചെങ്കിലും വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ വാജ് പേയി രാജിവച്ചു. ആയുസ്സ് 16 ദിവസം മാത്രം. തുടർന്ന് പ്രതിപക്ഷസഖ്യം രൂപീകരിച്ച് എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രിയായി. 1996 ജൂൺ 1 മുതൽ 1997 ഏപ്രിൽ 21 വരെയേ ആ മന്ത്രിസഭയ്ക്കും ആയുസ്സുണ്ടായിരുന്നുള്ളു. തുടർന്ന് 1997 ഏപ്രിൽ 21 മുതൽ 1998 മാർച്ച് 19 വരെ ഐ.കെ ഗുജ്റാൾ ആയിരുന്നു പ്രധാനമന്ത്രി.

1998 ൽ വീണ്ടും നടന്ന തിരഞ്ഞെടുപ്പിൽ ബിജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ എ.ബി.വാജ്പേയി വീണ്ടും പ്രധാനമന്ത്രിയായി. എ.ഐ.എ.ഡി.എം.കെ പിന്തുണ പിൻവലിച്ചതോടെ 13 മാസത്തിനുശേഷം ആ മന്ത്രിസഭയും നിലംപതിച്ചു. തുടർന്ന് ലോക്‌സഭ പിരിച്ചുവിട്ടു. എന്നാൽ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് സി.പി.എം ഏറ്റെടുത്തു. പി.രാജേന്ദ്രൻ എം.പിയുമായി. പ്രേമചന്ദ്രന് 2000 ൽ രാജ്യസഭാസീറ്റ് നൽകി. 2006 ൽ കാലാവധി അവസാനിക്കും മുമ്പ് പ്രേമചന്ദ്രൻ നിയമസഭയിലേക്ക് മത്സരിക്കാൻ രാജ്യസഭാംഗത്വം രാജിവച്ചു. തുടർന്ന് ചവറയിൽ നിന്ന് വിജയിച്ച പ്രേമചന്ദ്രൻ വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിയുമായി.