പുനലൂർ: തമിഴ്നാട് ലോബിയുടെ ഇടപെടൽ മൂലം പുനലൂർ ശ്രീരാമപുരം മാർക്കറ്റിൽ നടക്കുന്ന വെറ്റില ലേലത്തിൽ തദ്ദേശീയരായ വ്യാപാരികൾക്ക് പങ്കെടുക്കാൻ കഴിയുന്നില്ലെന്ന് വ്യാപക പരാതി. പുലർച്ചെ മൂന്നിന് വെറ്റില കർഷകരെ മാർക്കറ്റിൽ വരുത്തിയ ശേഷം ലേലം നടത്തി വെറ്റിലയുമായി മടങ്ങുന്ന തമിഴ്നാട്ടിലെ ഇടനിലക്കാരുടെ നിലപാടിനെ തുടർന്നാണ് തദ്ദേശീയരായ വ്യാപാരികൾക്ക് ലേലത്തിൽ പങ്കെടുക്കാൻ കഴിയാത്തത്. തിങ്കൾ, വ്യാഴം തുടങ്ങിയ ചന്ത ദിവസങ്ങളുടെ തലേന്ന് സമീപത്തെ ലോഡ്ജുകളിൽ താമസിക്കുന്ന ഇടനിലക്കാർ നേരം വെളുക്കും മുമ്പ് ലേലം നടത്തി വെറ്റിലയുമായി സ്ഥലം വിടുന്ന അവസ്ഥയാണ് നിലവിലുള്ളത്. പുനലൂരിലെ വ്യാപാരികൾക്ക് വെറ്റില ലേലത്തിൽ പങ്കെടുക്കണമെങ്കിൽ പുലർച്ചെ രണ്ട് മണിക്കെങ്കിലും വീടുകളിൽ നിന്നിറങ്ങണം. പുനലൂർ, പത്തനാപുരം താലൂക്കുകളിലെ 50 ഓളം വെറ്റില കർഷകരാണ് പുനലൂർ ശ്രീരാമപുരം മാർക്കറ്റിൽ വെറ്റിലക്കച്ചവടത്തിനെത്തുന്നത്. ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ലേലത്തിൽ ഇടനിലക്കാർ ഒത്തുകളിച്ച് വെറ്റിലയുടെ വില കുത്തനെ താഴ്ത്തിയ സംഭവങ്ങളും പുനലൂരിൽ നടന്നിട്ടുണ്ട്. ഇട നിലക്കാരെ ഒഴിവാക്കി ലേലം നടത്തിയാൽ വെറ്റിലയ്ക്ക് നല്ല വില കർഷകർക്ക് ലഭിക്കുന്നതിന് പുറമേ പ്രദേശവാസികളായ വ്യാപാരികൾക്കും ലേലത്തിൽ പങ്കെടുക്കാൻ കഴിയും.
ലേലത്തിന്റെ സമയം മാറ്റണം
നഗരസഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മാർക്കറ്റിൽ വെറ്റില ലേലത്തിന് അനുയോജ്യമായ സമയം ക്രമീകരിച്ചാൽ സ്ത്രീകൾ അടക്കമുള്ള തദ്ദേശീയരായ വ്യാപാരികൾക്കും അത് ഗുണകരമാവും. വെറ്റിലലേലം രാവിലെ 6 മണിക്കും 7നും മദ്ധ്യേ നടത്തിയാൽ പ്രദേശവാസികളായ വ്യാപാരികൾക്കും പങ്കെടുക്കാം.
ഇടനിലക്കാർ
നാഗർകോവിൽ, രാജപാളയം, ആലംകുളം, പാറശാല അടക്കമുള്ള പ്രദേശങ്ങളിലെ ഇടനിലക്കാരാണ് വെറ്റില ലേലത്തിന് പുനലൂരിലെത്തുന്നത്. ഇവർ പരസ്പര ധാരണയിൽ നടത്തുന്ന ലേലത്തിൽ വെറ്റില മൊത്തത്തിൽ ശേഖരിച്ച് തമിഴ്നാട്ടിലേക്ക് കടത്താറാണ് പതിവ്. ഇതാണ് തദ്ദേശീയരായ കച്ചവടക്കാരെ വലയ്ക്കുന്നത്.