venalchodil-katatana-

കുളത്തൂപ്പുഴ: കടുത്ത ചൂടിൽ ജലാശയങ്ങൾ വറ്റിവരണ്ടതോടെ കുടിനീരിനായി വന്യജീവികൾ കൂട്ടത്തോടെ കാടിറങ്ങുന്നു. കല്ലടയാറിന്റെ കൈവഴികളിലെല്ലാം ജലത്തിന്റെ കണികപോലും ഇല്ലാതായതോടെ ജീവികൾ പരക്കം പായുകയാണ്. കുഞ്ഞുമാൻതോട്, ഇരുതോട്, ചണ്ണമലത്തോട്, മുപ്പത്തിയെട്ട് തോട്, മൂപ്പൻകോണംതോട്, മൂലക്കയം തോട് ഇവയെല്ലാം വരണ്ടുണങ്ങിക്കഴിഞ്ഞു. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തന്നെ നശിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഇതോടെയാണ് ഇവ കാട്ടിൽ നിന്ന് നാട്ടിലേക്കിറങ്ങി തുടങ്ങിയത്.

ഇതോടെ മലയോരവാസികളെല്ലാം ഭീതിയുടെ നടുവിലാണ്. വനത്തിനുള്ളിലെ കോളനികളിലുള്ളവർക്കാണ് ഏറെ ദുരിതം. കാട്ടുവഴികളിൽ ചൂടിനെ അതിജീവിക്കാൻ കാട്ടുപോത്തും, കാട്ടാനകളും വിട്ടൊഴിയാതെ നിലയുറപ്പിക്കുന്നതിനാൽ ഇവയെ ഭയന്നുവേണം ഇതുവഴി സഞ്ചരിക്കാൻ. റോക്ക് വുഡ്, കല്ലാർ എസ്റ്റേറ്റുകളും കട്ടിളപ്പാറ, പേരാംകോവിൽ, വില്ലുമല, കുളമ്പി, വട്ടകരിക്കം, പെരുവഴിക്കാല, രണ്ടാംമൈൽ, ആമക്കുളം, ചണ്ണമല, ഡാലിക്കരിക്കം, തുടങ്ങിയ കോളനികളിലേക്കുളള വനപാതകളെല്ലാം വന്യമൃഗ ഭീഷണിയിലാണ്. കൂടാതെ തെന്മല ഡാമിന്റെ ജലസംഭരണിയുടെ സമീപത്തും കുടിവെളളം തേടി കാട്ടുമൃഗങ്ങൾ എത്തുന്നുണ്ട്. അതിനാൽ തന്നെ ജലസംഭരണിയിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാകുകയാണ്. വ്യത്യസ്ഥങ്ങളായ വന്യമൃഗങ്ങളെ കാണാം എന്നതിനാൽ ചൂട് വകവയ്ക്കാതെയാണ് സഞ്ചാരികൾ ജലയാത്രയ്ക്ക് എത്തുന്നത്.