photo

കൊല്ലം: കോൺഗ്രസിന് കൈപ്പത്തി കിട്ടിയത് പാലക്കാട്ടു നിന്നാണെന്ന കഥ, കൈപ്പത്തിക്ക് വോട്ടു തേടുന്ന കോൺഗ്രസിലെ തന്നെ ന്യൂജെൻ പ്രവർത്തകർക്ക് പുതുമായായിരിക്കും.

പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ശ്രീ ഹേമാംബികാ ക്ഷേത്രത്തിലാണ് കൈപ്പത്തി പ്രതിഷ്‌ഠ. 1977 ലെ തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം, പാലക്കാട്ടെ ഒരു റാലിയിൽ പ്രസംഗിക്കാനെത്തിയ ഇന്ദിരാഗാന്ധിയെ കല്ലേക്കുളങ്ങര ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത് ലീ‌ഡർ കെ. കരുണാകരൻ. കൈപ്പത്തി പ്രതിഷ്‌ഠയുടെ കഥ കേട്ടു മടങ്ങിയ ഇന്ദിര, പാർട്ടിയിലെ പിളർപ്പിൽ നഷ്‌ടമായ പശുവും കിടാവും ചിഹ്നത്തിനു പകരം പുതിയ ചിഹ്നത്തിന് അപേക്ഷ നൽകിയത് കൈപ്പത്തിക്കു വേണ്ടിയായിരുന്നു. ഇലക്ഷൻ കമ്മിഷൻ ചിഹ്നം അംഗീകരിച്ചു. 1980-ലെ തിരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നം ഇന്ദിരയയേയും കോൺഗ്രസിനെയും അധികാരത്തിലേക്ക് കരുത്തോടെ വീണ്ടും കൈപിടിച്ചു കയറ്റുകയും ചെയ്‌തു.

കൈപ്പത്തിയും ക്ഷേത്ര പ്രതിഷ്‌ഠയും തമ്മിലുള്ള കണക്ഷൻ ശരിയോ തെറ്റോ- ഇന്ദിര ക്ഷേത്രത്തിലെത്തിയിരുന്നു എന്നതു നേരാണ്. കരുണാകരൻ പ്രതിഷ്‌ഠയുടെ കഥ ഇന്ദിരയെ പറഞ്ഞു കേൾപ്പിക്കുകയും ചെയ്തു. മുങ്ങിത്താഴുമ്പോൾ സഹായം തേടി പാർവതീ ദേവി വെള്ളത്തിനു മുകളിലേക്ക് ഉയർത്തിപ്പിടിച്ച കൈകളാണ് ഇത്. ജനതാ പാർട്ടിയുടെ ആക്രമണത്തിൽ ശരണമില്ലാതിരുന്ന ഇന്ദിരയ്‌ക്ക്, ഈ പ്രതിഷ്‌ഠയുടെ കഥ ആത്മവിശ്വാസവും കൈപ്പത്തി ചിഹ്നമെന്ന ആശയവും നൽകിയെന്നാണ് സീനിയർ കോൺഗ്രസ് തലമുറയുടെ വിശ്വാസം.

'പൂട്ടിയ ഇരട്ടക്കാളകൾ' ആയിരുന്നു കോൺഗ്രസിന്റെ ആദ്യ ചിഹ്നം. പാർ‌ട്ടിയിലെ പിളർപ്പോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം മരവിപ്പിച്ചു. ഇന്ദിരയെ അനുകൂലിക്കുന്ന വിഭാഗത്തിനു കിട്ടിയ പുതിയ ചിഹ്നം 'പശുവും കിടാവും' ആയിരുന്നു. മറുപക്ഷത്തിന് 'ചർക്ക തിരിക്കുന്ന സ്ത്രീ.' പശുവും കിടാവും' ഇന്ദിരാ കോൺഗ്രസിനെ തുണച്ചില്ല. ദയനീയ തോൽവിയായിരുന്നു ഫലം. പാർട്ടി വീണ്ടും പിളരുകയും ചിഹ്നത്തിനായി തർക്കം പിറക്കുകയും ചെയ്‌തപ്പോൾ ആ ചിഹ്നവും കമ്മിഷൻ മരവിപ്പിച്ചു. അക്കാലത്തായിരുന്നു ഇന്ദിരയുടെ പാലക്കാട് സന്ദർശനവും ഹേമാംബിക ക്ഷേത്രത്തിലെ ദർശനവും.

കൈകളുടെ ഐതിഹ്യം

ദേവീ ഉപാസകനായ കുറൂർ മനയിലെ നമ്പൂതിരിക്ക് ദേവിയുടെ സ്വപ്ന ദർശനമുണ്ടായി. മനയുടെ അടുത്തുള്ള കുളത്തിൽ പ്രത്യക്ഷയാകുമെന്നും പൂർണ്ണരൂപം ദർശിച്ചതിനു ശേഷമേ സംസാരിക്കാവൂ എന്നും ദേവി പറഞ്ഞു. കുളത്തിനടുത്തെത്തിയ നമ്പൂതിരി, ദേവിയുടെ കരങ്ങൾ ഉയർന്നു വരുന്നതാണ് കണ്ടത്. കണ്ടപാടെ നമ്പൂതിരി 'ദാ കണ്ടു' എന്നു പറഞ്ഞു. കൈകൾ മാത്രം ദർശനം നൽകി ദേവി അപ്രത്യക്ഷയായി. ദേവിയുടെ കൈകളിൽ നമ്പൂതിരി പിടിച്ചപ്പോഴേക്കും അത് ശിലയായി മാറിയിരുന്നു. സ്വയംഭൂവായ ഈ രണ്ടു കരങ്ങളാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം.കുളത്തിനു നടുവിലെ തീർത്ഥക്കുളത്തിന് സമീപമാണ് പ്രതിഷ്ഠ. കുളത്തിന്റെ നിരപ്പിലാണ് ശ്രീകോവിൽ.