പുത്തൂർ: വേനൽമഴയെ തുടർന്ന് വീടു തകർന്നുവീണു. വെണ്ടാർ കാഞ്ഞിരക്കാട്ടു വീട്ടിൽ കരുണാകരൻ പിള്ളയുടെ വീടാണ് ഇന്നലെ രാവിലെ 8 മണിയോടെ തകർന്നു വീണത്. ഓടിട്ട വീടിന്റെ മേൽക്കൂര നിലംപൊത്തുകയും ഭിത്തികൾ വിണ്ടുകീറി ഇടിഞ്ഞു വീഴുകയുമായിരുന്നു. സംഭവ സമയത്ത് വൃദ്ധ ദമ്പതികളായ കരുണാകരൻ പിള്ളയും ഭാര്യ ഇന്ദിര അമ്മയും വീടിനു പുറത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തലേ ദിവസം രാത്രി പ്രദേശത്ത് വേനൽ മഴയും കാറ്റുമുണ്ടായിരുന്നു. ഇതാണ് വീടു തകരാൻ കാരണമെന്ന് കരുതുന്നു. കേറിക്കിടക്കാൻ ഇടമില്ലാതായ വൃദ്ധ ദമ്പതികൾ റവന്യൂ, പഞ്ചായത്ത് അധികൃതർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.