കല്ലടയാറിന് കുറുകെ തടയണ നിർമ്മിക്കും
കൊല്ലം: നഗരത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന് കണക്കുകൂട്ടുന്ന ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ കിണർ നിർമ്മാണം പൂർത്തീകരണത്തിലേക്ക്. കല്ലടയാറിനോട് ചേർന്ന് പുത്തൂർ ഞാങ്കടവിലാണ് 12 മീറ്റർ വ്യാസത്തിൽ കിണർ നിർമ്മിക്കുന്നത്. സ്കൂപ്പിംഗ് മോഡലിലാണ് കിണർ നിർമ്മിക്കുന്നത്. ഒരു മീറ്റർ ഉയരത്തിൽ റിംഗ് ഉറപ്പിച്ച ശേഷം ഇത് കോൺക്രീറ്റ് ചെയ്തെടുക്കും. ഭൂമിക്ക് മുകളിലേക്ക് നിൽക്കുന്ന റിംഗ് പൂർത്തിയാകുമ്പോൾ അടിഭാഗത്തെ മണ്ണ് നീക്കം ചെയ്ത് ഇത് താഴേക്ക് ഇരുത്തിയാണ് സ്കൂപ്പിംഗ് മോഡൽ കിണർ നിർമ്മിക്കുന്നത്. ഈ നിലയിൽ 10.40 മീറ്റർ താഴ്ചയിൽ കിണർ നിർമ്മിച്ചുകഴിഞ്ഞു. ഇനി ഒരു മീറ്റർ താഴ്ച മാത്രമാണ് ശേഷിക്കുന്നത്. അടിഭാഗത്ത് തടസമായി നിൽക്കുന്ന പാറ പൊട്ടിച്ചുമാറ്റുന്നതിന്റെ നടപടികൾ തുടങ്ങിയിട്ടുണ്ട്. 2.6 കോടി രൂപയാണ് കിണർ നിർമ്മാണത്തിനായി മാറ്റിവച്ചിരിക്കുന്നത്.
കല്ലടയാറ്റിൽ തടയണ നിർമ്മിക്കും
കിണറ്റിലേക്ക് ഉപ്പുവെള്ളം എത്താത്തവിധം കല്ലടയാറ്റിൽ തടയണ നിർമ്മിക്കും. 22 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ഇറിഗേഷൻ വകുപ്പിനാണ് ഇതിന്റെ നിർമ്മാണ ചുമതല. ഈ മാസം 15ന് ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയാകും. റുഗുലേറ്റർ മോഡലിലാണ് തടയണ നിർമ്മിക്കുന്നത്. പഴയ ചീർപ്പിന്റെ മോഡലാണ് ഇത്. കിണർ സ്ഥാപിച്ചിടത്ത് നിന്ന് നൂറ് മീറ്റർ അകലം പാലിച്ചാണ് തടയണ നിർമ്മിക്കുന്നത്. കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തിൽ തടയണ നിർമ്മിക്കേണ്ടതിനാൽ ആറ്റിലെ ജലം ഒരു വശത്തുകൂടി ഒഴുക്കിവിടും. അടിഭാഗത്ത് പൈലിംഗ് നടത്തി അടിസ്ഥാനം കോൺക്രീറ്റ് ചെയ്യും. മുകളിലേക്ക് 6 മീറ്റർ ഉയരമുള്ള സ്റ്റീൽ ഷട്ടർ സ്ഥാപിച്ചാണ് വെള്ളം നിയന്ത്രിക്കുന്നത്. ഇരുമ്പ് കമ്പി ഉപയോഗിച്ച് ഷട്ടർ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യാം. ഹൈടെക് സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ടാങ്ക് നിർമ്മാണം തുടങ്ങി
ഞാങ്കടവ് കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി വസൂരിച്ചിറയിൽ ടാങ്ക് നിർമ്മാണ ജോലികൾക്ക് തുടക്കമിട്ടു. 20 ലക്ഷം രൂപ ചെലവിലാണ് ടാങ്ക് നിർമ്മിക്കുന്നത്. ഞാങ്കടവിൽ നിർമ്മിക്കുന്ന കിണറ്റിൽ നിന്ന് പൈപ്പ് ലൈൻവഴി കൈതക്കോട്, മുളവന, പള്ളിമുക്ക്, കുണ്ടറ, ഇളമ്പള്ളൂർ, കേരളപുരം, വായനശാല, കുറ്റിച്ചിറ, പുന്തലത്താഴം വഴി വസൂരിച്ചിറയിൽ വെള്ളമെത്തിക്കും. വസൂരിച്ചിറയിലെ പ്ളാന്റിൽ വെള്ളം ശുദ്ധീകരിച്ച ശേഷമാണ് വിതരണം നടത്തുക. ട്രീറ്റ്മെന്റ് പ്ളാന്റ് നിർമ്മിക്കുന്നതിന്റെ ഡിസൈൻ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് 12 കിലോ മീറ്റർ നീളത്തിൽ പൈപ്പ് ഇട്ടുതീർന്നു. 28 കിലോമീറ്റർ നീളത്തിലാണ് മൊത്തത്തിൽ പൈപ്പ് ഇടേണ്ടത്.