പരവൂർ: ഏഷ്യയിലെ ആദ്യത്തെ യന്ത്രവത്‌കൃത കയർ ഫാക്ടറിയായ പരവൂരിലെ ഫ്ലോർകോ പൂട്ടിക്കിടക്കാൻ തുടങ്ങിയിട്ട് വർഷം ഇരുപതിലേറെ. ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ കയറുത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി 1968 ജനുവരി 31ന് സ്ഥാപിതമായ ഫ്ളോർകോ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരപ്പാടാണ് ഉദ്ഘാടനം ചെയ്തത്.
പല വലിപ്പങ്ങളിലുള്ള ഒൻപത് യന്ത്രത്തറികളും അതിന്റെ പ്രവർത്തനത്തിന് ആവശ്യമായ മറ്റു ഉപയന്ത്രങ്ങളും എല്ലാമായി ഒരുകാലത്ത് കയർ വ്യവസായത്തിന് പുത്തനുണർവ് നൽകിയ സ്ഥാപനമാണ് ഇപ്പോൾ ഒരു സ്മാരകമായി മാറിയിരിക്കുന്നത്.
പ്രശംസകൾ വാരിക്കൂട്ടിയ സ്ഥാപനം
ഫ്ലോർകോയുടെ ഉത്പന്നങ്ങൾ പ്രധാനമായും വിറ്റഴിച്ചിരുന്നത് ജർമ്മനി, ഫ്രാൻസ്, ഇംഗ്ലണ്ട്, ഹോളണ്ട്, ഡെൻമാർക്ക്, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ്. തറവിരിപ്പുകളും ശൈത്യകാലത്ത് തണുപ്പിൽ നിന്ന് രക്ഷനേടാനുള്ള കയറ്റുപായ്‌കളുമാണ് ഇവിടെ പ്രധാനമായും ഉത്പാദിപ്പിച്ചിരുന്നത്. പാശ്ചാത്യ സാങ്കേതിക വിദഗ്ദ്ധന്മാരിൽ നിന്നുൾപ്പെടെ പ്രശംസകൾ നേടുന്ന തരത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമായിരുന്നു ഫ്ളോർകോ. കയർ വ്യവസായത്തിൽ ഇവിടെ പരിശീലനം നേടിയവർ പിൽക്കാലത്ത് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനിലെ കയർ വ്യവസായ വിഭാഗത്തിൽ പ്രവർത്തിച്ചതും ഫ്ലോർകോയുടെ പ്രൗഢി വിളിച്ചോതുന്ന ചരിത്രമായി ഇന്നും നിലകൊള്ളുന്നു.