ഓച്ചിറ: അടച്ചുറപ്പുള്ള വീടെന്ന നിർദ്ധന കാൻസർ രോഗിയുടെയും കുടുംബത്തിന്റെയും സ്വപ്നം ഒടുവിൽ പൂവണിയുന്നു. ക്ലാപ്പന ഗ്രാമ പഞ്ചായത്തിലെ പ്രയാർ തെക്ക് മൂന്നാം വാർഡ് സജിതാ ഭവനത്തിൽ സുധാകരനും കുടുംബത്തിനുമാണ് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ സ്വപ്ന ഭവനം ഉയരുന്നത്. നാളുകളായി ചെറിയ ഒരു ഷെഡിലാണ് ഇവരുടെ താമസം. ഒരു വീടിനായി മുട്ടാത്ത വാതിലുകളില്ല. എന്നാൽ സാങ്കേതികത്വത്തിന്റെ കാരണം പറഞ്ഞ് പലപ്പോഴും അപേക്ഷകൾ നിരസിക്കപ്പെട്ടു. ഒടുവിൽ സ്വന്തം നിലയിൽ പുതിയ വീടിന്റെ അടിത്തറവരെയുള്ള ജോലികൾ പൂർത്തിയായെങ്കിലും പണം വില്ലനായി. ഇതോടെ നിർമ്മാണം മുടങ്ങി.
ഈ വിവരം പത്രവാർത്തകളിലൂടെ അറിഞ്ഞ കെ.സി. വേണുഗോപാൽ എം.പി ആവശ്യമായ എല്ലാ സാഹായങ്ങളും വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫൈസൽ ആൻഡ് ഷബാനാ ഫൗണ്ടേഷൻ സുധാകരനും കുടുംബത്തിനും വീട് നിർമ്മിച്ചു നൽകാൻ സന്നദ്ധരായി മുന്നോട്ട് വരുകയായിരുന്നു. ഫൗണ്ടേഷൻ പ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും വീട് പണി പുനരാരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കുകകയും ചെയ്തു. അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന നിർമ്മാണത്തിന്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ സുധാകരന്റെ വീട്ടിലെത്തി കൈമാറി. ആർ. സുധാകരൻ, ടി.എസ്. രാധാകൃഷ്ണൻ, കെ. സജീവ്, സി.എം. ഇക്ബാൽ, എം.എസ്. രാജു, ജി. ബിജു, ബി. പത്മജൻ എന്നിവർ സന്നിഹിതരായിരുന്നു.