photo

ഓച്ചിറ: വേനൽ കടുത്തുതുടങ്ങിയതോടെ കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുമ്പോൾ ആശ്രയമാകേണ്ട പൊതുകിണറിനോട് അവഗണന. തഴവാ പഞ്ചായത്തിലെ കരുക്കാവ് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന കിണറാണ് അറവ് മാലിന്യമടക്കം നിക്ഷേപിക്കാനുള്ള കേന്ദ്രമായത്. ദുർഗന്ധം വമിക്കുന്ന ഈ കിണർ പരിസരവാസികൾക്കും വഴിയാത്രക്കാർക്കും ഇന്ന് ഒരുപോലെ ബുദ്ധിമുട്ടാകുകയാണ്. കിണറിന്റെ പരിസരമാകെ കാടുപിടിച്ചിട്ടും അധികൃതർ മാത്രം ഇതിനോട് പ്രതികരിക്കുന്നില്ല. നാടുമുഴുവൻ തൊഴിലുറപ്പ് ജോലികൾ തകൃതിയായി നടക്കുമ്പോൾ കിണറിന്റെ പരിസരത്തുള്ള കാട് വെട്ടിത്തെളിക്കാൻപോലും ഇവരെ ഉപയോഗിക്കുന്നില്ല.

മുല്ലശ്ശേരിമുക്ക്- എ.വി.എച്ച്.എസ് റോഡിന്റെ ഓരത്ത് സ്ഥിതിചെയ്യുന്ന ഈ കിണറിന് സമീപത്തുകൂടി നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും കടന്നുപോകുന്നത്. ഇവരാണ് ഇതിൽ നിന്നുള്ള ദുർഗന്ധം കാരണം ഏറെ വലയുന്നത്. കാര്യമായ കേടുപാടുകളില്ലാത്ത കിണർ ശുചീകരിച്ച് സംരക്ഷിച്ചാൽ വേനലിൽ വലയുന്ന ജനത്തിന് ആശ്വാസമാകുമെങ്കിലും ആ തരത്തിലും ആലോചനകൾ നടക്കുന്നില്ല. എത്ര വലിയ വേനലിലും വറ്റാത്ത കിണറിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ഇത് സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.