കൊല്ലം: ബൈപാസ് ഉദ്ഘാടനം വിവാദമാക്കിയവർക്ക് മുഖ്യമന്ത്രിയെ ഒഴിവാക്കാം. എന്നാൽ പ്രധാനമന്ത്രിയെ ക്ഷണിച്ചു കൊണ്ടുവന്നത് ആരുടെ താത്പര്യമായിരുന്നു? ചോദ്യം കൊല്ലത്ത എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റേത്. കൊല്ലത്ത് ഈ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളുടെയും പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന് ബൈപ്പാസ് തന്നെയാകും. കൊല്ലം ബൈപ്പാസിന്റെ പൂർത്തീകരണ ജോലികൾ ഏറ്റവും വേഗത്തിൽ നടന്നത് കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണെന്നാണ് ബാലഗോപാൽ പറയുന്നത്.
ബൈപ്പാസ് വിവാദം മുറുകിവരുന്നതിനിടെയാണ് തിരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായത്. വിവാദങ്ങൾക്കപ്പുറം കൊല്ലത്ത് എൻ.കെയോ; കെ.എന്നോ? അതാണ് ചോദ്യം. ഇടതുപക്ഷത്തും വലതുപക്ഷത്തുമൊക്കെ നിന്ന് എൻ.കെ. പ്രേമചന്ദ്രൻ പയറ്റിയെടുത്ത മണ്ഡലത്തിൽ ഇത്തവണ ഇടതുപക്ഷ നിയോഗം കെ.എൻ. ബാലഗോപാലിനാണ്. എൽ.ഡി.എഫ് നേരത്തേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതോടെ കൊല്ലത്തിന്റെ കളരി തുടക്കത്തിലേ ഉഷാർ. സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയായി മൂന്നര വർഷക്കാലത്തെ പ്രവർത്തനത്തിലൂടെ നടത്തിയ രാഷ്ട്രീയ മുന്നേറ്റത്തിൽ പ്രതീക്ഷയർപ്പിക്കുന്ന ബാലഗോപാലിന് വിജയത്തെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസം.
കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് സീറ്റ് തർക്കത്തെച്ചൊല്ലി എൻ.കെ.പി ഇടതു മുന്നണി വിട്ടത്. അതിനു പിന്നാലെ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി ജില്ലയിൽ നേടിയത് ചരിത്ര വിജയമാണ്. 68 ഗ്രാമ പഞ്ചായത്തുകളിൽ 61 എണ്ണവും എൽ.ഡി.എഫ് നേടി. ഏക കോർപ്പറേഷനും 11 ബ്ളോക്ക് പഞ്ചായത്തുകളും നാല് മുനിസിപ്പാലിറ്റികളും ഇടതു ഭരണത്തിലായി.
ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനിൽ 22 ലും എൽ.ഡി.എഫ് വിജയിച്ചു. ബാലഗോപാൽ എന്ന നേതാവിന്റെ തന്ത്രപരമായ രാഷ്ട്രീയ കരുനീക്കങ്ങളാണ് ഈ വിജയങ്ങൾക്കു പിന്നിലെന്നത് അംഗീകരിക്കപ്പെട്ടു. 2016- ലെ നിയമസഭാ തിരഞ്ഞടുപ്പിൽ ജില്ലയിലെ 11 സീറ്റും എൽ.ഡി.എഫാണ് നേടിയത്. ഈ വിജയങ്ങൾക്കുള്ള അംഗീകാരമെന്ന നിലയിലാണ് ബാലഗോപാൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയത്.
2009 ലും 2014 ലും നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട കൊല്ലം സീറ്റ് തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് ബാലഗോപാലിന്റേത്. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായി നിലനിൽക്കുന്ന ശക്തമായ ജനവികാരം കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ജനവിധിയായി മാറുമെന്ന് ബാലഗോപാൽ പറയുന്നു. കേന്ദ്രത്തിൽ ഇടതുപക്ഷത്തിന് സ്വാധീനിക്കാവുന്ന മതനിരപേക്ഷ സർക്കാരുണ്ടാകണം. കേരളത്തിലെ പിണറായി സർക്കാരിന്റെ മാതൃകാപരമായ പ്രവർത്തനമാണ് പ്രചരണായുധമാക്കുന്നത്. കൊല്ലം മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനത്തെക്കുറിച്ച് ജനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കൊല്ലം ജില്ലയിൽ മാത്രം 4000 കോടി രൂപയുടെ വികസനം നടന്നു.
കൊല്ലത്തെ ആർ.എസ്.പി പ്രവർത്തകർ നിരാശരാണ്. 25 ലേറെ പഞ്ചായത്തുകളിൽ അവർക്ക് അംഗങ്ങളുണ്ടായിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ചിലരുടെ വ്യക്തി താത്പര്യമാണ് ആ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും ബാലഗോപാൽ പറഞ്ഞു.
പുനലൂർ എസ്.എൻ കോളേജിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ബാലഗോപാൽ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും ലാ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 2010 മുതൽ ആറു വർഷം രാജ്യസഭാംഗമായിരുന്നു.