photo
കൊട്ടാരക്കര ചന്തമുക്കിലെ നഗരസഭ ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ചപ്പോൾ

കൊല്ലം: കൊട്ടാരക്കര ചന്തമുക്കിലുള്ള നഗരസഭാ ഷോപ്പിംഗ് കോംപ്ളക്‌സ് പൊളിച്ചുനീക്കുന്ന ജോലികൾ പൂർത്തിയായി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലി മാത്രമാണ് ഇനി ശേഷിക്കുന്നത്. പൊളിക്കുന്ന സമയത്ത് തന്നെ ഇരുമ്പുകമ്പികൾ പ്രത്യേകം മാറ്റിയിട്ടിരുന്നു. പട്ടണത്തിന്റെ നടുവിലാണെങ്കിലും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും യാതൊരു ബുദ്ധിമുട്ടും വരാത്ത തരത്തിലാണ് ഈ വലിയ കെട്ടിടം പൊളിച്ചത്.

25 വർഷത്തെ പഴക്കമുണ്ടായിരുന്നു ചന്തമുക്കിലെ നഗരസഭാ ഷോപ്പിംഗ് കോംപ്ളക്‌സിന്. അര ഏക്കർ സ്ഥലത്ത് 25 ലക്ഷം രൂപ ചെലവഴിച്ചാണ് കൊട്ടാരക്കര ഗ്രാമ പഞ്ചായത്ത് അന്ന് കെട്ടിടം നിർമ്മിച്ചത്. ആദ്യനില പഞ്ചായത്തിന്റെ ചെലവിലും രണ്ടാംനില സ്വകാര്യവ്യക്തിയുടെ ചെലവിലുമാണ് നിർമ്മിച്ചത്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് എൻജിനിയർ സർട്ടിഫൈ ചെയ്തതോടെയാണ് പൊളിച്ചുനീക്കാനുള്ള നടപടി തുടങ്ങിയത്. നിർമ്മിതി കേന്ദ്രം നിർമ്മിച്ച മാതൃകാകെട്ടിടവും ബ്ളോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കെട്ടിടവും ഇവിടെത്തന്നെയുണ്ട്. കാലപ്പഴക്കമില്ലാത്തതിനാൽ ഇവ പൊളിക്കുന്നതിന് തടസങ്ങളേറെയാണ്.

11 കോടി മുടക്കി പുതിയ കെട്ടിടം

പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഷോപ്പിംഗ് കോംപ്ളക്‌സ് പൊളിച്ച് മാറ്റിയത്. ഇവിടെ 11 കോടി രൂപ ചെലവിലാണ് നഗരസഭയുടെ പുതിയ ഓഫീസും ഷോപ്പിംഗ് കോംപ്ള‌ക്സുമടക്കമുള്ള കെട്ടിടസമുച്ചയം നിർമ്മിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന്റെ ആദ്യഘട്ടമായി 5 കോടി രൂപ അനുവദിച്ചു.

മൂന്ന് നില

നഗരസഭയുടെ പുതിയ ഓഫീസിനും ഷോപ്പിംഗ് കോംപ്ളക്‌സിനുമായി മൂന്ന് നില കെട്ടിടമാണ് നിർമ്മിക്കുക. താഴെ പാർക്കിംഗ് സംവിധാനവും കച്ചവട സ്ഥാപനങ്ങളുമുണ്ടാകും. രണ്ടാം നിലയിൽ ഷോപ്പിംഗ് സ്ഥാപനങ്ങൾ. മൂന്നാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുക. മിനി കോൺഫറൻസ് ഹാളും ഇവിടെയുണ്ടാകും. പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള ടെണ്ടർ നടപടി ആയിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇനിയും നടപടിക്രമങ്ങൾ വൈകാനാണ് സാദ്ധ്യത.