paravur
പരവൂർ റെയിൽവേ സ്റ്റേഷൻ

പരവൂർ: ഏറനാട് എക്സ്‌പ്രസിന് പരവൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന പരവൂർ നിവാസികളുടെ രണ്ട് ദശാബ്ദക്കാലത്തിലധികമായ ആവശ്യത്തിന് അടിയന്തര നടപടിയുണ്ടാകണമെന്ന് പരവൂർ ജനമുന്നേറ്റ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

പരവൂർ സ്റ്റേഷനിൽ എക്സ്‌പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണമെന്ന ആവശ്യവുമായി ജനമുന്നേറ്റ സമിതി,​ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ,​ വിവിധ തൊഴിലാളി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ വർഷങ്ങളായി ട്രെയിൻ തടയൽ, റെയിൽവേ സ്റ്റേഷൻ ധർണ, ഡിവിഷണൽ ഓഫീസ് ധർണ എന്നിങ്ങനെ പല പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ചെങ്കിലും അധികൃതർ മൗനം പാലിക്കുകയാണ്. പ്രതിഷേധ സമരങ്ങളെ തുടർന്ന് നിരവധിപേർക്കെതിരെ റെയിൽവേ അധികൃതർ കേസെടുത്തതല്ലാതെ ദീർഘനാളായുള്ള ജനങ്ങളുടെ ആവശ്യത്തിന് നേർക്ക് കണ്ണടയ്ക്കുകയാണെന്നും സമിതി പ്രസിഡന്റ് വിനോദ്,​ സെക്രട്ടറി മീനമ്പലം സുധീർ,​ കൺവീനർ ഡോ. അശോക് ശങ്കർ എന്നിവർ ആരോപിച്ചു.

സ്ത്രീകളുൾപ്പെടെ ദുരിതത്തിൽ

വൈകിട്ട് ആറ് മണിയോടെ കൊല്ലത്ത് നിന്ന് പരവൂരിലെത്തുന്ന മധുര പാസഞ്ചർ കഴിഞ്ഞാൽ പിന്നെ രാത്രി ഒൻപത് മണിക്കുള്ള വേണാട് എക്സ്പ്രസിന് മാത്രമാണ് പരവൂരിൽ സ്റ്റോപ്പ് ഉള്ളത്. എന്നാൽ മിക്കപ്പോഴും വേണാട് എക്സ്പ്രസ് പരവൂർ സ്റ്റേഷനിലെത്തുന്നത് രാത്രി പത്ത് മണിയോടെയാണ്. ഇതുകാരണം ബുദ്ധിമുട്ടനുഭവിക്കുന്നത് സ്ത്രീകളും കോളേജ് വിദ്യാർത്ഥിനികളും ഉൾപ്പെടെയുള്ളവരാണ്.

ചിറക്കര, പോളച്ചിറ, നെടുങ്ങോലം, കാപ്പിൽ, പാണിയിൽ, എം.എൽ.എ ജംഗ്‌ഷൻ, മുക്കം, താന്നി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ വേണാട് എക്സ്രപ്രസിനെയാണ് നിലവിൽ ആശ്രയിക്കുന്നത്. ഇക്കാരണത്താൽ സ്ത്രീകളുൾപ്പെടെയുള്ളവർ രാത്രി ഏറെ വൈകിയാണ് വീടുകളിലെത്തുന്നത്.


ഏറനാട് എക്സ്പ്രസിന് പരവൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചാൽ പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരുടെ യാത്രാക്ളേശം മാറിക്കിട്ടും. നല്ല വരുമാനമുള്ള പരവൂർ റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണന മതിയാക്കണം.

ബി. പ്രേമാനന്ദ് (പ്രസിഡന്റ്,​ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയം യൂണിറ്റ് )

പരവൂർ റെയിൽ സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ സ്ത്രീ യാത്രികർ രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തുന്നത്. അധികൃതർ അടിയന്തരമായി ഇടപെട്ട് നിരവധി യാത്രക്കാർ ആശ്രയിക്കുന്ന പരവൂർ റെയിൽവേ സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം.

എസ്. ശ്രീലാൽ (ചാത്തന്നൂർ സി.പി.എം ഏരിയ കമ്മിറ്റി അംഗം)

ഏറനാട് എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഒരു പരിധി വരെയെങ്കിലും യാത്രക്കാർക്ക് ആശ്വാസമാകും. മുനിസിപ്പാലിറ്റിയെന്ന പരിഗണനയെങ്കിലും റെയിൽവേ ഇക്കാര്യത്തിൽ പരവൂരിന് നൽകണം.

ശിവപ്രസാദ് (റൈറ്റിയ ഡയറക്ടർ)

മറ്റ് മുനിസിപ്പാലിറ്റികളിലെല്ലാം ഏറനാടിന് സ്റ്റോപ്പുള്ളപ്പോൾ ഏറ്റവും പഴക്കം ചെന്ന പരവൂർ മുനിസിപ്പാലിറ്റിയെ റെയിൽവേ അധികൃതർ അവഗണിക്കുകയാണ്. പകൽ ആലപ്പുഴ വഴി പോകുന്ന ഒരു ട്രെയിനിനും നിലവിൽ പരവൂരിൽ സ്റ്റോപ്പില്ല. അതുകൊണ്ട് നേത്രാവതി എക്സ്പ്രസിന് കൂടി സ്റ്റോപ്പ് അനുവദിക്കണം.

വി.എച്ച്. സത്യജിത്ത് (പ്രസിഡന്റ്,​ പരവൂർ നഗരവികസന സമിതി)