photo
പേവാർഡ് ഇല്ലാത്ത കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി.

കൊല്ലം ജില്ലയിൽ പേവാർഡ് ഇല്ലാത്ത ഏക താലൂക്ക് ആശുപത്രി

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ സർക്കാരിന്റെ മികവിന്റെ പട്ടികയിലാണെങ്കിലും പേവാർഡ് ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയെപ്പോലും വെല്ലുന്ന തരത്തിലുള്ള ദന്തൽ വിഭാഗം,​ എല്ലാത്തിനും സ്പെഷ്യാലിറ്രി വിഭാഗം,​ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റി തുടങ്ങിയവയുണ്ടായിട്ടും പേവാർഡ് ഇല്ലാത്തതാണ് രോഗികളെ ബുദ്ധിമുട്ടിക്കുന്നത്. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരിൽ പലരും പേവാർഡ് ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. പേവാർഡ് ആവശ്യപ്പെടുന്ന രോഗികളെയും ജനറൽ വാർഡിലാണ് നിലവിൽ അഡ്മിറ്റ് ചെയ്യുന്നത്. ചില രോഗികൾ പുറത്ത് മുറിയെടുത്ത് ആശുപത്രിയിൽ ചികിത്സ തേടാറുമുണ്ട്. ഡോക്ടർമാരുൾപ്പെടെ 100 ഓളം സ്ഥിരം ജീവനക്കാരുള്ള ആശുപത്രിയിൽ ഒരു സിക്ക് മുറി മാത്രമാണുള്ളത്. ജീവനക്കാർക്ക് രോഗം വന്നാൽപ്പോലും കിടത്തിച്ചികിത്സിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഉടൻ പേവാർഡ് പണിയുമെന്നുള്ള ആശുപത്രി അധികൃതരുടെ പല്ലവി കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന് രോഗികൾ പറയുന്നു. ആശുപത്രിയുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന 8 നില മന്ദിരത്തിന്റെ മുകളിലത്തെ രണ്ട് നില പേവാർഡിനായി ഉപയോഗിക്കുമെന്നും അവിടെ 50 കിടക്കകളുണ്ടാവുമെന്നുമാണ് അധികൃതർ പറയുന്നത്. ആരോഗ്യ വകുപ്പിന് നഗരസഭ തയ്യാറാക്കി സമർപ്പിച്ച പ്രോജക്ടിന് സർക്കാർ അംഗീകാരം ലഭിച്ചതായാണ് അറിയുന്നത്. 90 കോടി രൂപയുടെ പ്രോജക്ടിന് കിഫ്ബിയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായാണ് സൂചന.

ദിവസവും ചികിത്സ തേടി എത്തുന്നത് 1700 ഓളം രോഗികൾ

കിടത്തി ചികിത്സിക്കുന്നത് 250 രോഗികളെ

 പേവാർഡുകൾ പൊളിച്ച് നീക്കി

സർക്കാരിന്റെയും കെ.എച്ച്.ആർ.ഡബ്ളിയുവിന്റെയും പേവാർഡുകളുണ്ടായിരുന്നെങ്കിലും ആശുപത്രിയുടെ വികസനത്തിന്റെ ഭാഗമായി 6 വർഷങ്ങൾക്ക് മുമ്പ് ഇതു രണ്ടും പൊളിച്ച് നീക്കുകയായിരുന്നു. പുതിയ പേവാർഡുകൾ ഉടൻ നിർമ്മിക്കുമെന്ന് പറഞ്ഞാണ് ആശുപത്രി അധികൃതർ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പേവാർഡുകൾ പൊളിച്ച് നീക്കിയത്. 3 വർഷം മുമ്പ് കെ.എച്ച്.ആർ.ഡബ്ളിയൂ പുതിയ പേവാർഡ് നിർമ്മിക്കുന്നതിനായി ശിലാസ്ഥാപനം നടത്തിയെങ്കിലും പണി ആരംഭിച്ചിട്ടില്ല. സൊസൈറ്റിയുടെ സാമ്പത്തിക പരാധീനതയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമാകുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.