കൊല്ലം:കേരളസർവകലാശാല കാര്യവട്ടം കാമ്പസിൽ സുവോളജി അദ്ധ്യാപക തസ്തികയിൽ ഇന്റർവ്യൂ നടത്തി ഏഴ് വർഷം കഴിഞ്ഞിട്ടും നിയമനം നടത്തുന്നില്ല. 2012 മുതൽ ഒഴിവുള്ള തസ്തികയിൽ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും കൊല്ലം എസ്.എൻ കോളേജിലെ സുവോളജി പ്രൊഫസറുമായ ഡോ. സൈനുദ്ദീൻ പട്ടാഴിയെ നിയമിക്കാൻ കോടതികൾ ഉത്തരവിട്ടിട്ടും നടപ്പാക്കാതെ സുപ്രീംകോടതി വരെ സർവകലാശാല അപ്പീൽ നൽകി. ലക്ഷങ്ങളാണ് ഇതിനായി ചെലവഴിച്ചത്. സുപ്രീം കോടതി അപ്പീൽ തള്ളിയിട്ടും വീണ്ടും നിയമോപദേശം തേടാനാണ് സർവകലാശാലയുടെ നീക്കം.
2012ൽ ഈ തസ്തികയിലേക്ക് ഡോ. സൈനുദ്ദീനും അപേക്ഷകനായിരുന്നു. യോഗ്യതകളെല്ലാം ഉണ്ടായിട്ടും ഇന്റർവ്യൂ കഴിഞ്ഞപ്പോൾ മറ്റൊരാളെ നിയമിക്കാനുള്ള സർവകലാശാല തീരുമാനത്തിനെതിരെ അന്നത്തെ വി.സിക്ക് പരാതി നൽകി. കോടതിയെ സമീപിക്കുമെന്നായപ്പോൾ ആ അദ്ധ്യാപകൻ പിന്മാറി. ഒരാളെ മാത്രമേ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ എന്നതിനാൽ മറ്റൊരാളെ നിയമിക്കാൻ സർവകലാശാല തയ്യാറായില്ല. ഡോ.സൈനുദ്ദീൻ വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച രേഖകളിൽ ഇന്റർവ്യൂവിൽ തനിക്ക് 25 ൽ 10 മാർക്കും റാങ്ക് നേടിയ അപേക്ഷകന് 23 മാർക്കും നൽകിയതായി വ്യക്തമായി. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള മാർക്കും ഇന്റർവ്യൂവിന് ലഭിച്ച 10 മാർക്കും കൂട്ടിയാൽ റാങ്കുകാരനുമായി 3 മാർക്കിന്റെ വ്യത്യാസം മാത്രം. റാങ്ക്ലിസ്റ്റിൽ ഒന്നിലധികം പേരെ ഉൾപ്പെടുത്തുന്നതാണ് പതിവെങ്കിലും ഇവിടെ ഒരാളെ മാത്രമാണ് ഉൾപ്പെടുത്തിയത്. ഇതിനെതിരെ ഡോ.സൈനുദ്ദീൻ ഹൈക്കോടതിയിൽ പരാതി നൽകിയപ്പോൾ അനുകൂല വിധിയുണ്ടായി. സർവകലാശാലയുടെ അപ്പീൽ തള്ളിയതോടെ സുപ്രീം കോടതിയിൽ ഹർജി നൽകി. സുപ്രീം കോടതിയും തള്ളി കഴിഞ്ഞദിവസം ഉത്തരവായി. തുടർന്ന് ഡോ.സൈനുദ്ദീൻ തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയപ്പോഴാണ് വീണ്ടും നിയമോപദേശം തേടാൻ തീരുമാനിച്ചതായി അറിയിച്ചത്.