nateshan-happy

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗം ശരി ദൂരം പാലിക്കുമെന്നും തിരഞ്ഞെടുപ്പിൽ ആർക്കു വേണ്ടിയും പ്രചാരണത്തിന് ഇറങ്ങില്ലെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ചില അബദ്ധങ്ങൾ പ​റ്റിയിട്ടുണ്ട്. അതാവർത്തിക്കില്ല. തിരുവനന്തപുരം ഒഴികെ വേറൊരു മണ്ഡലത്തിലും എൻ.ഡി.എയ്ക്ക് വിജയ സാദ്ധ്യതയില്ലെന്നും വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു. തുഷാർ മത്സരിക്കുന്ന കാര്യം തന്നോട് ആരും ചർച്ച ചെയ്തിട്ടില്ല. യോഗം ഭാരവാഹികൾ മത്സരിച്ചാൽ ഭാരവാഹിത്വം രാജിവയ്ക്കുന്നതാണ് അഭികാമ്യം. താൻ പെ​റ്റ മക്കളും തന്നോളമായാൽ താനെന്നു വിളിക്കണം എന്നാണ് പ്രമാണം. ആലപ്പുഴയിൽ നിന്ന് ഇനി ഒരു കോൺഗ്രസുകാരനും പാർലമെന്റിലേക്ക് പോകില്ല. ആലപ്പുഴയിലെ കോൺഗ്രസുകാർ സമുദായത്തെ വേട്ടയാടാൻ തുടങ്ങിയിട്ട് കാലമേറെയായി. അവിടെ അടൂർ പ്രകാശ് മത്സരിക്കുന്നുവെന്ന് കേട്ടു. ആത്മഹത്യയ്ക്ക് തുല്യമാണത്. അവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫ് ജയിച്ചു കഴിഞ്ഞു. ആരിഫ് ജയിച്ചില്ലെങ്കിൽ താൻ തല മൊട്ടയടിച്ച് കാശിക്കു പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കാഷായം ധരിക്കാത്ത സന്യാസിയാണ് കുമ്മനം. ആർക്കും അദ്ദേഹത്തെപ്പറ്റി മോശം അഭിപ്രായമില്ല. ജനങ്ങളിൽ നിന്ന് അകന്നു പ്രവർത്തിക്കുന്ന ആളാണ് ശശി തരൂർ. ഉമ്മൻചാണ്ടിയെ ഡൽഹിക്ക് കടത്താനാണ് ശ്രമം. അത് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കേന്ദ്രത്തിൽ ബി.ജെ.പി ഏ​റ്റവും വലിയ ഒ​റ്റക്കക്ഷിയാകുമെങ്കിലും ഭരിക്കാൻ ഭൂരിപക്ഷം കിട്ടുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.