photo
കേരള മഹിളാ സംഘം കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം മാധ്യമ പ്രവർത്തക ഗീതാ നസീർ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: സ്ത്രീ പുരുഷ സമത്വം സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് സാമൂഹ്യ -മാദ്ധ്യമ പ്രവർത്തക ഗീതാ നസീർ പറഞ്ഞു. കേരള മഹിളാ സംഘം കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം കാർഷിക വികസന ബാങ്ക് ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗീതാ നസീർ. സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ് ഭരണഘടന ഉറപ്പ് നൽകുന്നത്. എന്നാൽ അവകാശങ്ങളിൽ നിന്നെല്ലാം സ്ത്രീകളെ മാറ്റി നിറുത്താൻ ശ്രമിക്കുന്നവർക്കെതിരെ സ്ത്രീസമൂഹം ശക്തമായി പ്രതികരിക്കണം. നല്ല ദിനങ്ങളെ സംഭാവന ചെയ്യുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്രമോദി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ഗീതാനസീർ വ്യക്തമാക്കി. പി. രാജമ്മ പതാക ഉയർത്തി. ഷെർളി ശ്രീകുമാർ, വസുമതി രാധാകൃഷ്ണൻ, സജിത പ്രസന്നൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി ഗേളി ഷൺമുഖൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി വിജയമ്മലാലി സംഘടനാ റിപ്പോർട്ടും ശ്രീദേവി മോഹൻ രക്തസാക്ഷി പ്രമേയവും ജുമൈലത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം.എസ്. താര, ജെ. ജയകൃഷ്ണപിള്ള, കടത്തൂർ മൺസൂർ, സരസ്വതിഅമ്മ, ജഗത് ജീവൻലാലി, സക്കീന സലാം തുടങ്ങിയവർ സംസാരിച്ചു. ഷെർളി ശ്രീകുമാർ (പ്രസിഡന്റ്) ഗേളി ഷൺമുഖൻ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.