ijas
ഇജാസ്

ഓച്ചിറ: ദേശീയപാതയിലെ ഓച്ചിറ വലിയകുളങ്ങരയിൽ അച്ഛനെയും മകനെയും വെട്ടിപ്പരിക്കേല്പിച്ച് 30000 രൂപ കവർന്ന കേസിൽ ഒരാൾകൂടി പൊലീസിന്റെ പിടിയിലായി. ക്ലാപ്പന വരവിള തറയിൽ തെക്കതിൽ സെയ്തുകുഞ്ഞിന്റെ മകനും മൂന്നാം പ്രതിയുമായ ഇജാസാണ് (29) പിടിയിലായത്. ഇയാളെ കാപ്പനിയമപ്രകാരം നാടുകടത്തിയതായിരുന്നു. ഇതിനിടെയാണ് വെട്ടിപ്പരിക്കേല്പിച്ച കേസിൽ പിടിയിലായത്. സംഭവദിവസം മുതൽ ഇയാൾ ഒളിവിലായിരുന്നു. ചങ്ങൻകുളങ്ങര രാജേഷ് ഭവനിൽ രാജീവ്(22) ചങ്ങൻകുളങ്ങര എസ്.എം മൻസിലിൽ ഇബ്രാഹിംകുട്ടിയുടെ മകൻ അനസ്(27), പായിക്കുഴി മോഴൂർതറയിൽ പ്യാരി (18), വലിയകുളങ്ങര എച്ച്.എസ് മൻസിലിൽ ഹൻസ് (24), കുലശേഖരപുരം അമ്പീലേത്ത് മേലേത്തറ മുത്തലിബ് (28) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കുരീപ്പുഴ കൈരളി നഗർ നിഷാന്തിൽ രാജീവ് (54),​ മകൻ ശ്രീനാഥ് (24) എന്നിവരെ അക്രമിച്ച് പണം കവർന്ന കേസിലാണ് അറസ്റ്റ്. സെപ്തംബർ 13ന് പുലർച്ചെയായിരുന്നു സംഭവം. തലശേരിയിൽ നിന്ന് വരുകയായിരുന്ന രാജീവും മകനും സഞ്ചരിച്ചിരുന്ന ജീപ്പ് ഇന്ധനം തീർന്നതിനെ തുടർന്ന് വഴിവക്കിൽ നിന്നു. കന്നാസിൽ സൂക്ഷിച്ചിരുന്ന എണ്ണ ടാങ്കിൽ നിറയ്ക്കുന്നതിനിടെ കാറിലും ബൈക്കിലുമായി വന്ന പ്രതികൾ ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ച് വാഹനത്തിലുണ്ടായിരുന്ന 30,000 രൂപ കവരുകയായിരുന്നു. ചങ്ങൻകുളങ്ങര റേഡിയോമുക്കിന് സമീപം പ്രവർത്തിക്കുന്ന 'ഗ്രാമം' ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണ് പ്രതികൾ. ഇജാസിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.