ഏരൂർ: ഏരൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപം കലുങ്ക് ഇടിഞ്ഞ് താണത് ഗതാഗതം താറുമാറാക്കി. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഈ റൂട്ടിലെ കലുങ്കുകൾ പുനർനിർമ്മിക്കുകയാണ്. ഇതിന്റെ ഭാഗമായി ഈ കലുങ്കിന്റെയും പകുതിഭാഗം ഇടിച്ചുതാഴ്ത്തിയിരുന്നു.
ബാക്കിയുള്ള ഭാഗത്തുകൂടിയാണ് വാഹനങ്ങൾ ഓടിക്കൊണ്ടിരുന്നത്. ഈ ഭാഗമാണ് തകർന്നത്. ഏരൂർ പൊലീസ് സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. സംഭവത്തെ തുടർന്ന് കുളത്തൂപ്പുഴ, വിളക്കുപാറ, കടമാൻകോട് പ്രദേശങ്ങളിലേക്കുള്ള ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പാണയം വഴിയാണ് സർവീസ് നടത്തിയത്. രാവിലെ 7 മണിയോടെ കലുങ്ക് തകർന്ന ഭാഗം ജെ.സി.ബി ഉപയോഗിച്ച് ഇടിച്ച് താഴ്ത്തി മണ്ണിട്ട് നികത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.