photo
മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുന്ന ദേശീയപാതയോരത്തെ ഓട

കരുനാഗപ്പള്ളി: മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്നതിനു വേണ്ടി കരുനാഗപ്പള്ളി ടൗണിൽ നിർമ്മിച്ച ഒാടയിൽ മുഴുവൻ മലിനജലമാണെന്ന് പ്രദേശവാസികളുടെ പരാതി. കരുനാഗപ്പള്ളി ടൗണിന്റെ തെക്കുവശത്തു കൂടി കടന്ന് പോകുന്ന ഓടയിലൂടെയാണ് ഈ വേനൽക്കാലത്തും മലിനജലം ഒഴുകുന്നത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന്റെ തെക്കുവശത്തു നിന്നാരംഭിച്ച് പള്ളിക്കൽ ആറ്റിലാണ് ഒാട അവസാനിക്കുന്നത്. ഓടയിലൂടെ ഒഴുകി ആറ്റിലെത്തുന്ന മാലിന്യങ്ങൾ മൂലമുള്ള ദുർഗന്ധം വിനോദ സഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഡി.ടി.പി.സിയുടെ ശ്രീനാരായണ ടെർമിനലിന് കഴിഞ്ഞിരുന്നു. ആലുംകടവിന് ശേഷം വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന സ്ഥലമായിരുന്നു കന്നേറ്റി. പള്ളിക്കൽ ആറ്റിലേക്ക് മലിനജലമെത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡി.ടി.പി.സി ദേശീയപാതാ അധികൃതർക്ക് നേരത്തേ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

മലിനജലമെത്തുന്നത് പള്ളിക്കൽ ആറ്റിൽ

മലിനജലം ഓടയിലൂടെ ഒഴുകി പള്ളിക്കൽ ആറ്റിലാണെത്തുന്നത്. കേരളത്തിലെ പ്രസിദ്ധമായ ശ്രീനാരായണ ട്രോഫി ജലോത്സവം സംഘടിപ്പിക്കുന്നത് കന്നേറ്റിയിലെ പള്ളിക്കൽ ആറ്റിലാണ്. കൂടാതെ ഡി.ടി.പി.സി നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രവും പള്ളിക്കൽ ആറിന്റെ തീരത്തുള്ള കന്നേറ്റിയിലാണ്. ഇവിടേയ്ക്ക് മാലിന്യം നിറഞ്ഞ ജലമെത്തുന്നത് വിനോദ സഞ്ചാരമേഖലയെ തകർക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രവർത്തനാരംഭത്തിൽ വിദേശികൾ ഉൾപ്പെടെയുള്ള ധാരാളം പേർ ബോട്ട് യാത്രയ്ക്കായി ഇവിടെയെത്തിയിരുന്നെങ്കിലും അടുത്ത കാലത്തായി വിദേശികളുടെ എണ്ണം കുറഞ്ഞ് വരുകയാണെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.

ഓടയ്ക്ക് കോൺക്രീറ്റ് മൂടിയില്ലാത്തതിനാൽ അതിൽ നിന്ന് വരുന്ന ദുർഗന്ധം വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ പ്രശ്നത്തിൽ ദേശീയപാതാ ഉദ്യോഗസ്ഥരും നഗരസഭയും ഇടപെടണം. പഴയ ഒാട പൊളിച്ച് കോൺക്രീറ്റ് ചെയ്ത ഒാട നിർമ്മിക്കണം

ദിനേശ് ലാൽ

പ്രസിഡന്റ്

പള്ളിക്കലാർ സംരക്ഷണ സമിതി