kip
കല്ലട ഇറിഗേഷൻെറ ഇടമൺ വാഴവിളയിലൂടെ കടന്ന് പോകുന്ന വലത്കര കനാലിനുളളിൽ പുനരുദ്ധാരണ ജോലികൾ നടത്താതിരുന്നത് മൂലം കനാലിൻെറ ഉൾഭാഗം അടർന്ന് വീഴുന്നു..

പുനലൂർ: കല്ലട ഇറിഗേഷന്റെ വലത്കര കനാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താത്തത് മൂലം തകർച്ചാഭീഷണിയിൽ. ഉറുകുന്ന് 17-ാം ബ്ലോക്ക് മുതൽ ചെറുതന്നൂർ വരെയുള്ള 5 കിലോമീറ്ററോളം ഭാഗത്ത് മൂന്ന് വർഷമായി കാര്യമായ നിലയിൽ പുനരുദ്ധാരണപ്രവർത്തനം നടത്തിയിട്ടില്ലെന്ന് സമീപവാസികൾ പറയുന്നു. ഇത് മൂലം വേനൽക്കാല ജലവിതരണം ആരംഭിച്ച കനാലിന്റെ ഉൾ ഭാഗത്തെ കോൺക്രീറ്റ് അടർന്ന് വീഴുന്നത് പതിവാണ്. മൂന്ന് വർഷത്തിന് മുമ്പ് വരെ വേനൽക്കാല ജലവിതരണത്തിന് മുന്നോടിയായി കൃത്യമായി കനാലിന്റെ പുനരുദ്ധാരണ ജോലികൾ ചെയ്തിരുന്നു. എന്നാലിപ്പോൾ കാട് നീക്കം ചെയ്യുന്നതല്ലാതെ നവീകരണ പ്രവർത്തനങ്ങളൊന്നും നടത്താത്തതാണ് കനാലിന്റെ തകർച്ചയുടെ മുഖ്യകാരണം. വേനൽ രൂക്ഷമായതോടെ രണ്ട് മീറ്ററിൽ അധികം ഉയരത്തിലാണ് കനാൽ വഴി വെള്ളം ഒഴുക്കുന്നത്. ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് കനാലിന്റെ ഉൾഭാഗത്തെ പാർശ്വഭിത്തി അടർന്ന് വീണുകൊണ്ടിരിക്കുകയാണ്. ഇത് കനാലിൽ ചോർച്ചയുണ്ടാവുന്നതിന് പുറമേ സമീപവാസികൾക്കും ഭീഷണിയാണ്.

കനാലിന്റെ ഉൾഭാഗം അടർന്ന് വീഴുന്നു

വേനൽക്കാല ജലവിതരണത്തിന് മുന്നോടിയായി തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് കാട് നീക്കം ചെയ്തതല്ലാതെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഒന്നും ചെയ്യാൻ അധികൃതർ തയ്യാറായില്ല. ഇത് മൂലം അയത്തിൽ, ഉദയഗിരി നാല് സെന്റ്, പാറക്കട, ഇടമൺ, വാഴവിള, ചെറുതന്നൂർ അടക്കമുള്ള നിരവധി പ്രദേശങ്ങിലെ കനാലിന്റെ ഉൾഭാഗം അടർന്ന് വീഴുകയാണ്.

ഇടത്കര കനാലിലും ചോർച്ച

കെ.ഐ.പിയുടെ ഇടത്കര കനാലിലെ പല ഭാഗങ്ങളിലും സമയബന്ധിതമായി നവീകരണം നടത്താതിരുന്നത് കാരണം ചോർച്ച കാണപ്പെടുന്നുണ്ട്. ഇത് മൂലം ജലവിതരണം താത്കാലികമായി നിറുത്തി വച്ച് പുനരുദ്ധാരണ പ്രവർത്തനം ചെയ്യാൻ അധികൃതർ ആലോചിക്കുന്നുണ്ട്.