jcb
പുലമൺ ജംഗ്ഷനിൽ ഗതാഗത തടസം സൃഷ്ടിച്ച് കിടക്കുന്ന ജെ.സി.ബി

കൊട്ടാരക്കര: രണ്ടു പ്രധാനപാതകൾ കടന്നുപോകുന്ന കൊട്ടാരക്കര പുലമൺ ജംഗ്ഷനിലെ ഓട നിർമ്മാണം ഒച്ചിന്റെ വേഗതയിലായതോടെ വ്യാപാരികളും കാൽനടയാത്രികരും ബുദ്ധിമുട്ടിൽ. മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഇവിടം. ഇതിനോടൊപ്പമാണ് തകർന്ന ഓടയുടെ സ്ളാബുകൾ സ്ഥാപിക്കുന്ന ജോലി പോലും മന്ദഗതിയിലായിരിക്കുന്നത്. സ്ളാബുകൾ പുനഃസ്ഥാപിക്കുവാൻ കൊണ്ടുവന്ന ജെ.സി.ബിയും രണ്ടാഴ്ചയായി റോഡിൽ ഗതാഗത തടസം സൃഷ്ടിക്കുന്ന തരത്തിൽ കിടക്കുകയാണ്. ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലുള്ള സ്ളാബുകൾ ഇളക്കിയിട്ടിട്ട് രണ്ടാഴ്ചയോളമായെങ്കിലും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. ഇതുകാരണം സ്ഥാപനങ്ങളിലേക്ക് കയറുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇത് പരിഹരിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.