marine-
മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടിയ ബോട്ട്

കൊല്ലം: യന്ത്രവൽകൃത ബോട്ടുകളുടെ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഭാഗത്ത് മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈൻ എൻഫോഴ്സ്‌മെ‌ന്റ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 6 മുതൽ രാത്രി 12 വരെ മറൈൻ എൻഫോഴ്സ്‌മെന്റ് നടത്തിയ പ്രത്യേക പരിശോധനയിലാണ് നീണ്ടകര സ്വദേശിയുടെ സൺഷൈൻ എന്ന ബോട്ട് പിടിയിലായത്. പിടിച്ചെടുത്ത ബോട്ടിന്റെ ഉടമയിൽ നിന്ന് കെ.എം.എഫ്.ആർ ആക്ട് അനുസരിച്ച് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. പരവൂർ മുതൽ മഞ്ചേശ്വരം വരെ കരയിൽ നിന്ന് നിശ്ചിത ദൂരത്തിൽ മാത്രമേ യന്ത്രവൽകൃത ബോട്ടുകൾ മത്സ്യബന്ധനം നടത്താവൂ എന്നാണ് നിയമം. കരയോട് ചേർന്ന ഭാഗത്ത് യന്ത്രവൽകൃത ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളായ വള്ളക്കാരുടെ മത്സ്യലഭ്യത കുറയ്ക്കും.

അശാസ്ത്രീയ മാർഗ്ഗത്തിലൂടെ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ്, മറൈൻ എൻഫോഴ്സ്‌മെന്റ് അധികൃതർ അറിയിച്ചു. മറൈൻ എൻഫോഴ്സ്‌മെന്റ് എസ്.പി ജെ. കിഷോർകുമാറിന്റെ നിർദ്ദേശപ്രകാരം സി.ഐ എസ്.എസ്. ബൈജു, എസ്.ഐ എ.എസ്. സുമേഷ്, എ.എസ്.ഐമാരായ ജോസ്, സുനിൽകുമാർ, സി.പി.ഒമാരായ അനീഷ്‌കുമാർ, ഷിന്റോ, കടൽരക്ഷാ ഗാർഡ് റോയ്, തോമസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.