പുനലൂർ: ബി.ജെ.പിയും കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണ് ഉള്ളതെന്ന് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് ആരോപിച്ചു. ഇതിന് ഉദാരണമാണ് സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യാതെ കൊല്ലം ബൈപ്പാസ് ഉദ്ഘാടനം പ്രധാനമന്ത്രിയുമായി സംസാരിച്ച് നടത്തിച്ചത്. എൽ.ഡി.എഫ് പുനലൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ വർഗീയതയ്ക്കെതിരെ എം.പിയും കോൺഗ്രസും ഒരു അക്ഷരവും പറയുന്നില്ല. രാജ്യത്തെ ആർ.എസ്.എസിനെതിരെ ഒരു വിമർശനവും പറയാത്ത എം.പി. ദുഷ്ടശക്തികളെ കൈപിടിച്ച് ഉയർത്തുന്ന നയമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. സുപാൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജു, ജെ. മേഴ്സിക്കുട്ടിഅമ്മ, നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ, ഇടതുമുന്നണി നേതാക്കളായ കെ. രാജഗോപാൽ, എൻ. അനിരുദ്ധൻ, ജോർജ്ജ് മാത്യു, കെ. ധർമ്മരാജൻ, സന്തോഷ് കെ. തോമസ്, എസ്. ബിജു, കെ. രാധാകൃഷ്ണൻ, കെ.സി. ജോസ് തുടങ്ങിയവർ സംസാരിച്ചു.