കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയിൽ മദ്ധ്യവയസ്കനെ ദുരൂഹസാഹചര്യത്തിൽ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. കോട്ടാത്തല ശിവാംകുന്ന് ഭാഗം ചരുവിള പുത്തൻവീട്ടിൽ പരേതനായ നാരായണ പിള്ളയുടെ മകൻ സോമശേഖരൻ പിള്ളയാണ് (55) മരിച്ചത്.
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ പാചകക്കാരനായ സോമശേഖരൻ പിള്ള ബുധനാഴ്ചയാണ് വീട്ടിലെത്തിയത്. ഇന്നലെ രാവിലെ ആറോടെ സമീപവാസിയാണ് മൃതദേഹം കണ്ടത്. റോഡിൽ നിന്ന് വീട്ടിലേക്ക് കടക്കാൻ 20 മീറ്റർ ദൂരമുള്ള വഴിയുണ്ട്. ഈ വഴിയിലാണ് മൃതദേഹം കിടന്നത്.
മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. മൂക്കിലൂടെ രക്തം ഒഴുകിയ നിലയിലായിരുന്നു. ഷർട്ടിൽ പിടിച്ചുവലിച്ച് ഇവിടെ കൊണ്ടിട്ടതിന്റെ ലക്ഷണവുമുണ്ട്. പ്രാഥമിക വിലയിരുത്തലിൽ കൊലപാതകത്തിന് സാദ്ധ്യതയുള്ളതിനാൽ ശാസ്ത്രീയ തെളിവെടുപ്പിനുള്ള സംഘവും സ്ഥലത്തെത്തി. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യയും മകളുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ: അംബിക. മകൾ: മാളു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.