പകർച്ചവ്യാധി ഭീഷണിയിൽ പരിസരവാസികൾ
കൊല്ലം: അയത്തിൽ തോട്ടിൽ വ്യാപകമായി ഹോട്ടൽ മാലിന്യം ഒഴുക്കുന്നതായി പരാതി. കടുത്ത വേനലിൽ നീരൊഴുക്ക് നിലച്ചതോടെ മാലിന്യം കെട്ടിക്കിടന്ന് അഴുകി ദുർഗന്ധം വമിക്കുകയാണ്. അയത്തിൽ ജംഗ്ഷനിലെ ഹോട്ടലുകളിൽ നിന്നാണ് പാചക അവശിഷ്ടങ്ങളും ഇറച്ചി അവശിഷ്ടങ്ങളുമുൾപ്പെടെയുള്ള മാലിന്യം തോട്ടിലേക്ക് തള്ളുന്നത്. സെപ്ടിക് ടാങ്ക് മാലിന്യവും തോട്ടിലേക്ക് ഒഴുക്കുന്നുണ്ടെന്ന സംശയവും നിലനിൽക്കുകയാണ്.
റോഡിൽ നിന്നാൽ നേരിട്ട് കാണാവുന്ന വിധത്തിൽ മാലിന്യം ഒഴുക്കിവിടുന്നത് തുടർന്നിട്ടും അധികൃതർ അനങ്ങുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുളവാഴ നിറഞ്ഞ തോട്ടിൽ മലിനജലവും മാലിന്യവും കെട്ടിനിന്ന് പുഴുനുരയ്‌ക്കാൻ തുടങ്ങിയതോടെ സമീപത്തുള്ള കുടുംബങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. അയത്തിൽ മുക്കിനും പുളിയത്ത് മുക്കിനും ഇടയിൽ കലുങ്കിന് സമീപത്തായി മാലിന്യം ചാക്കുകളിലാക്കി നിക്ഷേപിക്കുന്ന പതിവുമുണ്ട്.
വെള്ളം നിറംമാറി
നീരൊഴുക്ക് നിലച്ചതോടെ തോട്ടിൽ കെട്ടിനിൽക്കുന്ന വെള്ളം കറുത്തനിറമായി മാറി. മാലിന്യത്തിന്റെ അളവ് കൂടി വരുന്നത് കൂടുതൽ ദുരിതമുണ്ടാക്കുകയാണ്. തോടിന്റെ പരിസരത്തുകൂടി നടക്കാൻ പോലും കഴിയാത്തവിധം ദുർഗന്ധം വമിക്കുകയാണ്. ഒപ്പം കൊതുക് ശല്യവും വർദ്ധിച്ചതോടെ പകർച്ചവ്യാധി ഭീഷണിയുടെ ആശങ്കയിലാണ് പരിസരവാസികൾ. മഴക്കാലമെത്തും മുമ്പ് തോട് വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
17 കിലോമീറ്റർ നീളത്തിൽ കിളികൊല്ലൂർ തോട്
കിളികൊല്ലൂർ തോടാണ് അയത്തിൽ ഭാഗത്തുകൂടി ഒഴുകുന്നത്. 17 കിലോമീറ്റർ നീളവും രണ്ട് മുതൽ 20 മീറ്റർവരെ വീതിയുമുള്ളതാണ് ഈ തോട്. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ പുനുക്കന്നൂർ ചിറയിൽ നിന്ന് നീർച്ചാലായി ഉത്ഭവിച്ച് തൃക്കരുവ, തൃക്കോവിൽവട്ടം പഞ്ചായത്തുകളിലൂടെ കൊല്ലം നഗരസഭാ പരിധിയിലെത്തുന്ന തോട് മങ്ങാട് വഴി അഷ്ടമുടി കായലിൽ എത്തിച്ചേരും.
കോർപ്പറേഷന്റെ നീർത്തട നടത്തം
കിളികൊല്ലൂർ തോടിന്റെ സംരക്ഷണത്തിന് എല്ലാവർഷവും കോർപ്പറേഷൻ പദ്ധതികൾ തയ്യാറാക്കി തുക നീക്കിവയ്‌ക്കാറുണ്ട്. തോടിന്റെ സംരക്ഷണ പദ്ധതികൾ നടപ്പാക്കുന്നത് ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം ആദ്യം മേയറും സംഘവും തോടിന്റെ കരയിലൂടെ നീർത്തട നടത്തവും സംഘടിപ്പിച്ചിരുന്നു. പക്ഷേ തോടിന്റെ ശാപമോക്ഷത്തിന് മാത്രം ഇതുവരെയും വഴിയൊരുങ്ങിയില്ല.