കൊല്ലം: നഗരത്തിലെ കെട്ടിടനികുതി പിരിവ് കൃത്യവും കാര്യക്ഷമവുമാക്കാൻ ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്താൻ ആലോചന. ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളുമായും ഹാൻഡ് ഹെൽഡ് ഡിവൈസ് നിർമ്മാതാക്കളായ കമ്പനികളുമായും നഗരസഭ ചർച്ച നടത്തുന്നുണ്ട്. ബിൽ കളക്ടർമാരുടെ തസ്തിക വളരെ കുറവായതിനാൽ നഗരസഭാ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് നികുതിപിരിവ് നടക്കുന്നത്. അതാതിടങ്ങളിലെത്തി പിരിക്കണമെന്ന ചട്ടം പേരിന് വേണ്ടി മാത്രമേ നടപ്പാവാറുള്ളൂ. യന്ത്രങ്ങൾ വരുന്നതോടെ നികുതി കണക്കുകൂട്ടാൻ ചെലവാകുന്ന സമയം ഒഴിവാകും. ഈ സമയം ഉപയോഗിച്ച് ബിൽ കളക്ടർമാർക്ക് നേരിട്ടെത്തി നികുതി പിരിക്കാം. കണക്ക് കൂട്ടുമ്പോഴും രജിസ്റ്ററിൽ രേഖപ്പെടുത്തുമ്പോഴും പതിവായി സംഭവിക്കാറുള്ള പിഴവുകളും ഇതോടെ ഒഴിവായിക്കിട്ടും. പണമായി നികുതി നൽകുന്നതിന് പുറമേ കാർഡ് ഉപയോഗിച്ച് ഡിജിറ്റലായി ഇടപാട് നടത്താനുള്ള സംവിധാനവും യന്ത്രത്തിലുണ്ടാകും. നഗരസഭാ ജീവനക്കാരുടെ സഹായമില്ലാതെ തങ്ങൾ തന്നെ നികുതി പിരിച്ച് കൈമാറാമെന്ന വാഗ്ദാനവുമായി ചില ബാങ്കുകൾ നഗരസഭയെ സമീപിച്ചിട്ടുണ്ട്.
ഹാൻഡ് ഹെൽഡ് ഡിവൈസുകൾ
കെട്ടിട നമ്പർ അടിച്ചുകൊടുക്കുമ്പോൾ തന്നെ അടയ്ക്കേണ്ട നികുതി തെളിയുമെന്നതാണ് ഹാൻഡ് ഹെൽഡ് ഡിവൈസുകളുടെ പ്രത്യേകത. എഴുതി നൽകുന്ന രസീതിന് പകരം യന്ത്രത്തിലൂടെ പ്രിന്റ് ചെയ്ത രസീത് ലഭിക്കും. പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ അപ്പോൾത്തന്നെ കൂട്ടിച്ചേർത്ത് നികുതി അടയ്ക്കാനുമാകും.
"യന്ത്രങ്ങൾ വരുന്നതോടെ നികുതി പിരിവുമായി ബന്ധപ്പെട്ട് ഒറ്രപ്പെട്ടെങ്കിലും ഉയരുന്ന പരാതികൾ ഒഴിവാകും. നികുതി പിരിവ് സമയബന്ധിതമായി പൂർത്തിയാക്കാനുമാകും. അടുത്ത സാമ്പത്തികവർഷം മുതൽ പുതിയ സംവിധാനം ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്."
വിജയ ഫ്രാൻസിസ് (ഡെപ്യൂട്ടി മേയർ)
ഒരു യന്ത്രത്തിന്റെ വില 20000 രൂപയോളം
ഓരോ ഡിവിഷനും വേണ്ടത് ഓരോ യന്ത്രങ്ങൾ വീതം