al
ഇതും ഒര് റോഡാണോ

പുത്തൂർ: വർഷങ്ങളായി നവീകരണ പ്രവർത്തനങ്ങളൊന്നുമില്ലാതെ പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിൽ മൈലംകുളം -വെണ്ടാർ റോഡ്. റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ട് ടാറിംഗ് ചെയ്തതിന്റെ ലക്ഷണം പോലും അറിയാനാവാത്ത സ്ഥിതിയിലാണ്. ഇവിടെ നവീകരണ പ്രവർത്തനം നടന്നിട്ട് പത്ത് വർഷത്തിലേറെയായെന്ന് പ്രദശവാസികൾ പറയുന്നു. മൈലംകുളം കിണർ ജംഗ്ഷനിൽ നിന്ന് വെണ്ടാർ ദേവീക്ഷേത്രത്തിന് സമീപമെത്തുന്ന 3 കിലോമീറ്ററോളമുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവാശ്യപ്പെട്ട് നാട്ടുകാർ പല തവണ അധികൃതരെ സമീപിച്ചെങ്കിലും മൈലംകുളം - വെണ്ടാർ റോഡിനോടുള്ള അവഗണന തുടരുകയാണ്. പ്രദേശത്തെ ചെറിയ റോഡുകളിൽ പോലും ടാറിംഗ് നടത്തുമ്പോഴാണ് മൈലംകുളം റോഡിനോട് ഈ അവഗണന. ചെറിയ വാഹനങ്ങൾ ഇതുവഴി അധികം യാത്ര ചെയ്യാറില്ലെന്നും ആശുപത്രി ആവശ്യങ്ങൾക്ക് വിളിച്ചാൽപോലും വാഹനങ്ങൾ ഈ റോഡിലൂടെ വരാറില്ലെന്നും പ്രദേശവാസികൾ പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥ മാറ്റി എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം അവശ്യപ്പെടുന്നു.