ഓയൂർ: ഭാര്യയെ ജംഗ്ഷനിൽ ഇറക്കിയശേഷം ബൈക്കിൽ മുന്നോട്ടുപോയ ഭർത്താവ് സ്വകാര്യ ബസിടിച്ച് മരിച്ചു. ഭാര്യയുടെ കൺമുന്നിലായിരുന്നു അപകടം. കരിങ്ങന്നൂർ ആറ്റൂർക്കോണം കുന്നുംപുറത്ത് വീട്ടിൽ ഹക്കീമാണ് (65) മരിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പയ്യക്കോട് ജംഗ്ഷനിലായിരുന്നു സംഭവം. ഹക്കീമും ഭാര്യ ഫാത്തിമാബീവിയും ഓയൂർ കാളവയലിലുള്ള മകളെ സന്ദർശിച്ചശേഷം ബൈക്കിൽ പയ്യക്കോട് എത്തിയതായിരുന്നു. ഭാര്യയെ ജംഗ്ഷനിൽ ഇറക്കിയശേഷം ഓയൂർ- കൊട്ടാരക്കര മെയിൻ റോഡിലേക്ക് ബൈക്കോടിച്ച് കയറവെ കൊട്ടാരക്കര വന്ന സ്വകാര്യ ബസ് ഹക്കീമിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു .മക്കൾ: റഷീദാബീവി, ഹസീനാബീവി, സിദ്ദിഖ്, റഷിന, ഷാനിഫ, ജാസ്മിൻ. മരുമക്കൾ: ഷറഫുദ്ദീൻ, സൈനുദ്ദീൻ, ഷീബ, ഹർഷാദ്, അഫീർ, സജി.