photo
നിർമ്മാണം പൂർത്തിയാകുന്ന കരിക്കോട് ആധുനിക മത്സ്യ മാർക്കറ്റ്

കൊല്ലം: കരിക്കോട് ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മാണം പൂർത്തിയാകുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം തീരുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്താനാണ് നീക്കം.

തീരദേശ വികസന കോർപ്പറേഷൻ കൊറ്റങ്കര ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് ഹൈടെക് മത്സ്യ മാ‌ർക്കറ്റ് സ്ഥാപിക്കുന്നത്. നാഷണൽ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോർഡും സംസ്ഥാന സർക്കാരും തുല്യവിഹിതമായി നൽകിയ 3.86 കോടി രൂപ ചെലവിൽ കേന്ദ്രസർക്കാരിന്റെ ബ്ളൂ റെവല്യൂഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം.

പദ്ധതിയ്ക്കായി കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വാങ്ങിയ 85 സെന്റ് സ്ഥലത്തിൽ രണ്ട് നിലയുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ നിന്ന് മുന്നൂറ് മീറ്റർ ദൂരത്തിലാണ് കെട്ടിടം. സ്റ്റാളുകളിലെ മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കാനുള്ള സംവിധാനങ്ങളുൾപ്പെടെ ആധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. കൂടാതെ പ്രത്യേകമായി മലിനജല സംസ്കരണ പ്ളാന്റും നിർമ്മിക്കുന്നുണ്ട്.

മത്സ്യം വാങ്ങാം ലേലം വിളിച്ച്

കടപ്പുറത്തെ ലേല സ്റ്റാളുകളിൽ നിന്ന് മത്സ്യം വാങ്ങുന്ന രീതിയിൽ പിടയ്‌ക്കുന്ന മത്സ്യം വാങ്ങാനാണ് കരിക്കോട് മത്സ്യമാർക്കറ്റിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കടൽ, കായൽ മത്സ്യങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ടെത്തിക്കാനാണ് പദ്ധതിയിടുന്നത്. ചെറുകിടക്കാർക്കും വൻകിടക്കാർക്കും മത്സ്യം ലേലം ചെയ്ത് വാങ്ങാം. വാങ്ങിയ മത്സ്യം ഇവിടെ വച്ചുതന്നെ മുറിച്ച് വൃത്തിയാക്കുന്നതിനും സംവിധാനമുണ്ടാകും. ലേലം കൊണ്ട മത്സ്യം ചില്ലറ വിൽപ്പന നടത്തുന്നതിനുള്ള സൗകര്യവുമൊരുക്കും. മത്സ്യം കയറ്റുമതി ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കാനുള്ള തീരുമാനവുമുണ്ട്.

പഞ്ചായത്തും തീരദേശ വികസന കോർപ്പറേഷനും ചേർന്ന് നടത്തും

കൊറ്റങ്കര ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് തീരദേശ വികസന കോർപ്പറേഷന്റെ ചുമതലയിലാണ് ആധുനിക മത്സ്യ മാർക്കറ്റിന്റെ നിർമ്മാണം നടക്കുന്നത്. അതുകൊണ്ടുതന്നെ നടത്തിപ്പ് ചുമതല തുല്യമായിട്ടാകാനാണ് സാദ്ധ്യത. ഉദ്ഘാടനത്തിന് മുമ്പായി ഇക്കാര്യത്തിൽ തീരുമാനമാകും.

3.86 കോടി രൂപയിൽ രണ്ട് നില കെട്ടിടം

1554 ചതുരശ്ര മീറ്റർ വിസ്തൃതി

താഴത്തെ നിലയിൽ

മത്സ്യം ലേലം ചെയ്യുന്നതിനുള്ള ഹാൾ

31 റീട്ടെയിൽ സ്റ്റാളുകൾ

(മത്സ്യം മുറിയ്ക്കാനുള്ള കട്ടിംഗ് സ്ളാബ്, വൃത്തിയാക്കുന്നതിനുള്ള സിങ്ക്, മലിനജലം ഒഴുകിപ്പോകുന്നതിനുള്ള ഡ്രെയിൻ എന്നീ സംവിധാനങ്ങളോടെ)

ശുദ്ധമായ ഐസിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഫ്ളേക്ക് ഐസ് യൂണിറ്റ്

മത്സ്യം കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കുന്നതിനായി ശീതീകരണ മുറി

മുകളിലത്തെ നിലയിൽ

ഉണക്ക മത്സ്യങ്ങൾക്കുള്ള 5 സ്റ്റാളുകൾ

14 റീട്ടെയിൽ സ്റ്റാളുകൾ

ഫുഡ് സേഫ്റ്റി ലാബ്

ഓഫീസ് മുറി, മിനി കോൺഫറൻസ് ഹാൾ,

വിശ്രമ മുറികളും ടോയ്ലറ്റ് സംവിധാനവും


ഇറച്ചി, പച്ചക്കറി സ്റ്റാളുകളും

മത്സ്യ മാർക്കറ്റെന്നാണ് പേരെങ്കിലും പച്ചക്കറി, ഇറച്ചി സ്റ്റാളുകളും ഇവിടെയുണ്ടാകും. ലേലത്തിൽ വാങ്ങുന്നതിനുള്ള സൗകര്യവുമുണ്ടാകും.