photo
കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കാംമ്പൗണ്ടിൽ റവന്യൂ അധികൃതർ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ

കരുനാഗപ്പള്ളി: സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ അനധികൃതമായി ചരൽ കടത്തിക്കൊണ്ട് വരുന്ന ലോറികളും ജെ.സി.ബികളും പിടിച്ചിട്ടിരിക്കുന്നത് ഓഫീസുകളിലെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി ദിവസവും നിരവധി പേരാണ് താലൂക്ക് ആസ്ഥാനമായ മിനി സിവിൽ സ്റ്റേഷനിലെത്തുന്നത്. സർക്കാരിന്റെ 24 ഓളം വിഭാഗങ്ങളാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. വിവിധ ഓഫീസുകളിലായി 500 ഓളം ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. നിയമം ലംഘിച്ച് ചരലും പാറയും കടത്തിക്കൊണ്ട് വരുന്ന വാഹനങ്ങളാണ് റവന്യൂ വിഭാഗത്തിന്റെ സ്പെഷ്യൽ സ്കോഡ് കസ്റ്റഡിയിലെടുക്കുന്നത്. ഇത്തരത്തിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലാണ് സൂക്ഷിക്കുന്നത്. മാസങ്ങളായി ഇവിടെക്കിടക്കുന്ന വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്.

വാഹനങ്ങൾ പുറത്തിറക്കാൻ പ്രയാസം

നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ച് വയൽ നികത്താൻ ഉപയോഗിക്കുന്ന ജെ.സി.ബിയും ഗ്രാവൽ കയറ്റിക്കൊണ്ട് വരുന്ന ലോറികളും പിടിക്കപ്പെട്ടാൽ റവന്യൂ അധികൃതരുടെ നിയമ നടപടി പൂർത്തിയാക്കി വാഹനങ്ങൾ പുറത്തിറക്കണമെങ്കിൽ മാസങ്ങൾ വേണ്ടി വരും. ഇത്രയും നാൾ വാഹനങ്ങൾ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ കിടക്കേണ്ടി വരും. ചരലും ഗ്രാവലും അനധികൃതമായി കടത്തിക്കൊണ്ട് വരുന്ന വാഹനങ്ങൾ പിടിക്കപ്പെട്ടാൽ ഫയൽ അനന്തര നടപടികൾക്കായി ജിയോളജി വിഭാഗത്തിന് കൈമാറും. ഇവർ പിഴ ഈടാക്കിയ ശേഷം ഫയൽ ആർ.ഡി.ഒായ്ക്ക് കൈമാറുന്നതോടെയാണ് ഉടമകൾക്ക് വാഹനങ്ങൾ വിട്ട് നൽകാനുള്ള നടപടി സ്വീകരിക്കുന്നത്. നടപടിയെടുക്കുന്നതിൽ ഉദ്യോഗസ്ഥ തലങ്ങളിലുണ്ടാകുന്ന കാലതാമസമാണ് പിടിക്കപ്പെട്ട വാഹനങ്ങൾ മാസങ്ങളോളം മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ കിടക്കാൻ കാരണം.

വാഹനപാർക്കിംഗ് തിരക്കുള്ള റോഡിൽ

ഓഫീസിലെത്തുന്ന ജീവനക്കാരുടെയും പൊതുജനങ്ങളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലത്താണ് ചരൽ ലോറികളും ജെ.സി.ബിയും പിടിച്ചിട്ടിരിക്കുന്നത്. ഓഫീസുകളിലെത്തുന്നവരിൽ നല്ലൊരു ശതമാനവും വാഹനങ്ങൾ അകത്തിടാൻ സ്ഥലമില്ലാത്തതിനാൽ തിരക്കുള്ള റോഡിന്റെ വശങ്ങളിലാണ് പാർക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.