election

കൊല്ലം: 'ഇതെന്തൊരു തിരഞ്ഞെടുപ്പാ, ഗോലി കളിച്ച് നടക്കേണ്ട പയ്യനാണോ എനിക്കെതിരെ മത്സരിക്കുന്നത് ' - നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ എതിർ സ്ഥാനാർത്ഥിയായ കൊട്ടറ ഗോപാലകൃഷ്ണനെ ആർ.ബാലകൃഷ്ണ പിള്ള പരിഹാസത്തോടെ നേരിട്ടത് ഇങ്ങനെയാണ്. 1970 ലായിരുന്നു ആ തിരഞ്ഞെടുപ്പ്. 26 വയസുകാരനായ കൊട്ടറ ഗോപാലകൃഷ്ണൻ അന്ന് കോൺഗ്രസ് ടിക്കറ്റിൽ കന്നിയങ്കത്തിനിറങ്ങിയതാണ്. പിള്ള അപ്പോഴേക്കും കേരള രാഷ്ട്രീയത്തിലെ അതികായനായി മാറിയിരുന്നു.

കൊട്ടാരക്കരയിൽ പിള്ളക്കെതിരെ മത്സരിക്കാനിറങ്ങുന്നത് ചെറിയ കാര്യമായിരുന്നില്ല. അടുപ്പമുള്ളവരൊക്കെ ഗോപാലകൃഷ്ണനെ പിന്തിരിപ്പിക്കാനും ശ്രമിച്ചിരുന്നു. എ.കെ.ആന്റണി, ഉമ്മൻചാണ്ടി, എ.സി.ഷൺമുഖദാസ്,​ എൻ.രാമകൃഷ്ണൻ തുടങ്ങി കോൺഗ്രസിലെ യുവതുർക്കികൾക്കൊപ്പമാണ് താനും കന്നിയങ്കത്തിനിറങ്ങുന്നതെന്ന ആത്മവിശ്വാസം കൊട്ടറയ്ക്കുമുണ്ടായിരുന്നു. മത്സരത്തിന് തീപാറും മുമ്പേ തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് കൊട്ടറയെ പിള്ള ചെറുതായൊന്ന് പരിഹസിച്ചത്.

വിജയ പ്രതീക്ഷ തീരെയില്ലാതിരുന്ന കോൺഗ്രസുകാർക്ക് പിള്ളയുടെ പ്രസംഗം കച്ചിത്തുരുമ്പായി. 'ഗോലി കളിക്കാരൻ പയ്യനെ'ന്ന വിശേഷണം പരമാവധി പ്രചരിപ്പിച്ച് വോട്ടുതേടാനുള്ള സൂത്രമാക്കി അവർ മാറ്റി. കോൺഗ്രസിന്റെ അന്നത്തെ ഔദ്യോഗിക ചിഹ്നം 'പശുവും കിടാവും' ആയിരുന്നു. ഈ ചിഹ്നത്തിലാണ് കൊട്ടറ മത്സരിച്ചത്.

ഫലം വന്നപ്പോൾ സാക്ഷാൽ പിള്ള ശരിക്കും ഞെട്ടി, രാഷ്ട്രീയ കേരളം അമ്പരന്നു- ഗോലി കളിക്കാരൻ പയ്യന് 4677 വോട്ടിന്റെ ഭൂരിപക്ഷം! 32,536 വോട്ട് കൊട്ടറ ഗോപാലകൃഷ്ണന് ലഭിച്ചപ്പോൾ ആർ.ബാലകൃഷ്ണ പിള്ളയ്ക്ക് കിട്ടിയത് 27,859 വോട്ട്.

1967ൽ ഇ.ചന്ദ്രശേഖരൻ നായരോട് തോറ്റതിന്റെ ക്ഷീണം തീർക്കാൻ കൂടുതൽ വീര്യത്തോടെ എത്തിയ പിള്ള കൊട്ടറയോടും പരാജയപ്പെട്ടു. അടിയന്തരാവസ്ഥയുടെ കാലംകൂടി എത്തിയതിനാൽ തുടർച്ചയായി ഏഴുവർഷം എം.എൽ.എ ആയിരിക്കാനുള്ള ഭാഗ്യവും കൊട്ടറയ്ക്ക് ലഭിച്ചു. രാഷ്ട്രീയ ചാണക്യനായ പിള്ളയെ തോൽപ്പിച്ചതോടെ കൊട്ടറ വലിയ താരമായി. കവിയും സിനിമാ നടനും എഴുത്തുകാരനും ഉജ്ജ്വല വാഗ്മിയുമായ കൊട്ടറ ഗോപാലകൃഷ്ണൻ അതോടെ രാഷ്ട്രീയത്തിലും വളരുകയായിരുന്നു.

ഇ.എം.എസിനെ ഈയംപൂശി ഈയലുപോലെ പറപ്പിക്കുമെന്ന് ആദ്യമായി മുദ്രാവാക്യം വിളിച്ചത് കൊട്ടറയാണ്. മുദ്രാവാക്യ രചനയിൽ ശ്രദ്ധേയനായിരുന്നു 1977ൽ പിള്ളയോടുതന്നെ പരാജയപ്പെടേണ്ടിയും വന്നു. ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന സമരത്തിൽ മുന്നിൽ നിന്നതിന് അറസ്റ്റും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട് കൊട്ടറ ഗോപാലകൃഷ്ണൻ. 2003 ഫെബ്രുവരി 17നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.