അഞ്ചൽ : നാട്ടുകാരുടെ ചിരകാല അഭിലാഷവും സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ. രാജുവിന്റെ സ്വപ്ന പദ്ധതികളിൽ മുൻപന്തിയിൽ നിൽക്കുന്നതുമായ അഞ്ചൽ ബൈപാസിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക് കടന്നു. ഏതാനും കലുങ്കുകൾ, കോളറ പാലത്തിന് സമാന്തരമായി മറ്റൊരു പാലം, സംരക്ഷണ ഭിത്തി, ഉപരിതലം നികത്തൽ, ഫുട്പാത്ത് നിർമ്മാണം തുടങ്ങിയവയാണ് ഇനി പ്രധാനമായും ചെയ്യാനുള്ളത്. ഇതിനായി തുക അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതിക അനുമതി പൂർത്തീകരിച്ച് അവസാനഘട്ട നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ ജലജ, അസി. എൻജിനിയർ കെ. രാഹുൽ എന്നിവർ പറഞ്ഞു. ഇടമുളയ്ക്കൽ കുരിശിൻ മൂട്ടിൽ നിന്നാരംഭിച്ച് അഞ്ചൽ - പുനലൂർ റോഡിൽ സെന്റ് ജോർജ് സ്കൂളിന് സമീപം വരെ 2.1 കിലോമീറ്റർ ദൂരത്തിലാണ് ബൈപാസ് നിർമ്മിക്കുന്നത്. 12 വർഷം മുമ്പ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കെ. രാജു എം.എൽ.എ ആയിരിക്കേയാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നാൽ പിന്നീട് സർക്കാർ മാറി വന്നതോടെ വേണ്ടത്ര ഫണ്ട് ലഭിക്കാത്തതിനാൽ ബൈപാസ് നിർമ്മാണം ഇഴയുകയായിരുന്നു. എന്നാൽ സ്ഥലം എം.എൽ.എ കൂടിയായ കെ. രാജു മന്ത്രി ആയതോടെയാണ് ബൈപാസ് നിർമ്മാണം ത്വരിതഗതിയിലാക്കാൻ കഴിഞ്ഞത്. കഴിഞ്ഞ ബഡ്ജറ്റുകളിൽ നിർമ്മാണത്തിനു വേണ്ട ഫണ്ടുകളും അനുവദിച്ചു.
നിർമ്മാണത്തിനായി ആളുകളിൽ നിന്നും ഏറ്റെടുക്കേണ്ട സ്ഥലം- 9.6 ഏക്കർ
(ഇതിൽ 85 സെന്റ് ഒഴികെ ബാക്കി സ്ഥലം ഏറ്റെടുക്കുകയും സ്ഥലം ഉടമകൾക്ക് പണം നൽകുകയും ചെയ്തിട്ടുണ്ട്.)