madathilkaranma
നവതി ആഘോഷിക്കുന്ന മഠത്തിൽക്കാരാഴ്മ ഗവ. എൽ. പി. എസ്

ഒാച്ചിറ: നവതിയുടെ നിറവിൽ മഠത്തിൽക്കാരാഴ്മയിലെ അക്ഷരമുത്തശ്ശിയായ ഗവ. എൽ.പി സ്കൂൾ. അനവധി വിദ്യാർത്ഥികൾക്ക് അറിവിന്റെ പ്രകാശം പകർന്ന് നൽകി മഹത് വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്ത സ്കൂൾ 90 വർഷം പിന്നിടുകയാണ്. 1928 ൽ മാവണൂർ കുഞ്ചുപിള്ള സാറിന്റെ മേൽനോട്ടത്തിലാണ് മഠത്തിൽക്കാരാഴ്മ ഗവ. എൽ.പി.എസിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ഓലയും പനമ്പായും ഉപയോഗിച്ചായിരുന്നു അന്ന് ക്ലാസ് മുറികൾ നിർമ്മിച്ചിരുന്നത്. പിൽക്കാലത്ത് സർക്കാരിന് വിട്ടുകൊടുത്ത ഈ വിദ്യാലയം ഇന്ന് ഭൗതിക സൗകര്യങ്ങളിലും ഏറെ മുന്നിലാണ്. സ്‍മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ്, അസംബ്ലി ഹാൾ, സ്റ്റേജ്, പാചക മുറി, പാർക്ക്‌ എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സിവിൽ സപ്ലൈസ് താലൂക്ക് തലത്തിലും, വൈ.എം.സി.എ, ഓച്ചിറ ക്ഷേത്രം എന്നിവ നടത്തിയ ചിത്രരചനയിലും വിദ്യാഭ്യസ വകുപ്പ് നടത്തുന്ന മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവയിലും ഒന്നും, രണ്ടും സ്ഥാനങ്ങൾ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. ഗിന്നസ് ബുക്ക്‌ ജേതാവ് ഡോ. അശോക് ബാബു ഈ സ്കൂളിലെ ചിത്രകലാദ്ധ്യാപകനാണ്. ഇന്നും നാളെയുമായി നടക്കുന്ന നവതി ആഘോഷങ്ങളിൽ പൂർവ അദ്ധ്യാപക -വിദ്യാർത്ഥി സംഗമം, ഗുരുവന്ദനം, സമ്മേളനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തംഗം മാളു സതീഷ്, സ്കൂൾ എസ്.എം.സി ചെയർമാൻ സതീഷ് പള്ളേമ്പിൽ, സ്കൂൾ എച്ച്.എം കെ.എസ്. സുമ, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ ബി.എസ്. വിനോദ്, കൺവീനർ ശങ്കരപിള്ള, മുൻ എസ്.എം.സി ചെയർമാൻ കെ. മോഹനൻ, മാതൃസമതി പ്രസിഡന്റ്‌ സീമ എന്നിവരാണ് പ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്.