കുന്നത്തൂർ: മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ ജനവിധി തേടുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ പ്രചരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി നടന്ന കുന്നത്തൂർ നിയോജക മണ്ഡലം കൺവെൻഷൻ നൂറുകണക്കിന് പ്രവർത്തകരിൽ ആവേശം വിതച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ 23000 വോട്ടിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. ലോക്‌സഭാ അംഗമെന്ന നിലയിൽ കൊടിക്കുന്നിൽ സുരേഷിന്റെ പ്രഖ്യാപനത്തട്ടിപ്പുകൾ ഓരോന്നായി തുറന്നു കാട്ടുകയും സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുമാണ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഭരണിക്കാവ് തറവാട് ഒാഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ശിവശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. ശിവശങ്കരൻ നായർ, കെ. സോമപ്രസാദ് എം.പി, സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ. അനിരുദ്ധൻ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, എൽ.ഡി.എഫ് മാവേലിക്കര പാർലമെന്റ് മണ്ഡലം സെക്രട്ടറി പി. പ്രസാദ്, നേതാക്കളായ എം. ഗംഗാധര കുറുപ്പ്, പി.കെ. ഗോപൻ, പി.ബി. സത്യദേവൻ, ആർ.എസ്. അനിൽ, എസ്. അജയൻ, ടി. അനിൽ തുടങ്ങിയവർ സംസാരിച്ചു. പ്രചരണ പ്രവർത്തനങ്ങൾക്കായി 1001 അംഗ ജനറൽ കമ്മിറ്റിയെയും 251 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 25 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. എം. ശിവശങ്കര പിള്ള (പ്രസിഡന്റ്), കെ. ശിവശങ്കരൻ നായർ (സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.