കൊല്ലം: നിലവിലുള്ള ചന്ത സങ്കൽപ്പങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് കരിക്കോട് ഉടൻ പ്രവർത്തനമാരംഭിക്കുന്ന മത്സ്യ മാർക്കറ്റ്. ആധുനിക സൗകര്യങ്ങളോടെ ഷോപ്പിംഗ് മാളുകളിൽ പോകുന്ന അനുഭവമാണ് ഉപഭോക്താവിനായി ഇവിടെ ഒരുക്കുന്നത്.
തലേന്നത്തെ മത്സ്യം കേടാകാതെ സൂക്ഷിക്കാൻ ഹൈടെക് ശീതീകരണ മുറിയും ശുദ്ധമായ ഐസ് ഇവിടെത്തന്നെ ഉത്പാദിപ്പിച്ച് ഉപയോഗിക്കാൻ ഫ്ളേക്ക് ഐസ് യൂണിറ്റും ഉൾപ്പെടെയുള്ള ഹൈടെക് സൗകര്യങ്ങളാണ് മാർക്കറ്റിൽ സജ്ജമാക്കുന്നത്.
വാങ്ങുന്ന മത്സ്യം വീട്ടിൽ കൊണ്ടുപോയി മുറിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇവിടെത്തന്നെ മുറിച്ച് വൃത്തിയാക്കി കറിവയ്‌ക്കാനും പൊരിയ്‌ക്കാനുമുള്ള പരുവത്തിലാക്കി നൽകും. മത്സ്യച്ചന്തയെന്നാണ് പേരെങ്കിലും പച്ചക്കറിയും ഇറച്ചിയും ഇവിടെ വിൽപ്പനയ്ക്കെത്തും.
ലേലം ചെയ്ത് വാങ്ങാം
കടപ്പുറത്തെപ്പോലെ മത്സ്യങ്ങൾ ലേലം ചെയ്ത് വാങ്ങാമെന്നതാണ് കരിക്കോട് മത്സ്യ മാർക്കറ്റിന്റെ പ്രധാന പ്രത്യേകത. ചാള മുതൽ നെയ്മീൻ വരെയുള്ള എല്ലാവിധ കടൽ മത്സ്യങ്ങളും കാഞ്ഞിരകോട് കായലിലേത് അടക്കം പിടയ്‌ക്കുന്ന കായൽ മത്സ്യങ്ങളും ഇവിടെ എത്തിച്ചാണ് ലേലം ചെയ്ത് വിൽപ്പന നടത്തുന്നത്. മത്സ്യ വിൽപ്പനക്കാർക്ക് ലേലം കൊണ്ട മത്സ്യം 50 രൂപ മുതൽ മുകളിലേക്കുള്ള വിലയ്‌ക്ക് ചില്ലറ വിൽപ്പന നടത്താനും സൗകര്യമുണ്ട്.
ഭാവിയിൽ കൂടുതൽ സൗകര്യങ്ങൾ
കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വിലയ്ക്ക് വാങ്ങിയ 85 സെന്റ് ഭൂമി ഇവിടെയുള്ളതിനാൽ കൂടുതൽ സൗകര്യങ്ങൾ സമീപഭാവിയിൽ എത്തിയ്ക്കാമെന്നാണ് കണക്കുകൂട്ടുന്നത്. നാഷണൽ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോർഡും സംസ്ഥാന സർക്കാരും തുല്യവിഹിതമായി നൽകിയ 3.86 കോടി രൂപയിലാണ് ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മിക്കുന്നത്. രണ്ട് നിലയുള്ള മനോഹരമായ കെട്ടിടത്തിന്റെയും മറ്റ് സംവിധാനങ്ങളുടെയും നിർമ്മാണം പൂർത്തീകരണത്തിലാണ്.
സീ ഫുഡ് കൗണ്ടർ
മത്സ്യ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അതിനുള്ള സൗകര്യവും ഇവിടെയുണ്ടാകും. സായന്തനങ്ങളിലാണ് ഫുഡ് കോർണറുകൾ സജീവമാവുക. കുട്ടികളുടെ പാർക്കും മറ്റ് വിനോദ സംവിധാനങ്ങളുമൊക്കെ സജ്ജമാക്കാനും ലക്ഷ്യമുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം വിശ്രമ മുറികളും ടോയ്‌ലറ്റ് സംവിധാനങ്ങളും ഇപ്പോൾത്തന്നെ നിർമ്മിച്ചിട്ടുണ്ട്.
കയറ്റുമതി സൗകര്യം
മത്സ്യം കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ കരിക്കോട് മാർക്കറ്റിൽ ഏർപ്പെടുത്തും. മത്സ്യം സംസ്കരിച്ച് മതിയായ പായ്ക്കിംഗോട് കൂടി കയറ്റുമതിക്ക് തയ്യാറാക്കും. ഈ മേഖലയിൽ കൂടുതൽപ്പേർക്ക് തൊഴിൽ അവസരവും ഇതോടെ ലഭ്യമാകും.
വീതിയുള്ള വഴിയൊരുക്കും
കരിക്കോട് ജംഗ്ഷനിൽ നിന്ന് ആധുനിക മത്സ്യ മാർക്കറ്റിലേക്ക് 300 മീറ്ററിൽ കൂടുതൽ ദൂരമുണ്ട്. നിലവിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ഈ റോഡിൽ ബുദ്ധിമുട്ടുകളുണ്ട്. വൻതോതിൽ മത്സ്യ വിപണന കേന്ദ്രമായി ഇവിടം മാറുമ്പോൾ വലിയ വാഹനങ്ങളും കടന്നുവരേണ്ടതായുണ്ട്. ചന്തയുടെ പ്രവർത്തനം തുടങ്ങുമ്പോൾ വിൽക്കാനും വാങ്ങാനും എത്തുന്നവരുടെ തിരക്കുമുണ്ടാകും. നിലവിലുള്ള റോഡിന് വീതി കൂട്ടി ടാറിംഗ് നടത്താനാണ് തീരുമാനം. ഭൂമി ഏറ്റെടുക്കേണ്ടതായി വരും. ആവശ്യമായ തുക അനുവദിച്ചതിൽ മിച്ചമുള്ളതിനാൽ റോഡ് നവീകരണം പദ്ധതിയുടെ ഭാഗമായിത്തന്നെ പൂർത്തിയാക്കും.
ലേലം കൊണ്ട മത്സ്യം മത്സ്യ വിൽപ്പനക്കാർക്ക് 50 രൂപ മുതൽ മുകളിലേക്കുള്ള വിലയ്‌ക്ക് ചില്ലറ വിൽപ്പന നടത്താനുള്ള സൗകര്യവുമുണ്ട്. പച്ചക്കറിയും ഇറച്ചിയും ഉൾപ്പെടെ വിലപേശി വാങ്ങാം